ട്രംപ് ഭരണകൂടം 36 രാജ്യങ്ങൾക്ക് അവരുടെ യാത്രാ പരിശോധനാ നടപടിക്രമങ്ങൾ മെച്ചപ്പെടുത്താൻ മുന്നറിയിപ്പ് നൽകിയിയിരിക്കുന്നു. ഇത് നടക്കാത്തപക്ഷം അമേരിക്കൻ യാത്രാ വിലക്കിനെ നേരിടേണ്ടി വന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി. ഈ ലിസ്റ്റിൽ 25 എണ്ണം ആഫ്രിക്കൻ രാജ്യങ്ങളാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എംബസികളിലേക്ക് അയച്ച കേബിളിൽ, ഈ രാജ്യങ്ങൾ അവരുടെ യാത്രാ രേഖകൾ മെച്ചപ്പെടുത്താൻ തയ്യാറാണോ എന്നും, നിയമവിരുദ്ധമായി അമേരിക്കയിൽ കഴിയുന്ന തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുപോകുന്നതിൽ സഹകരിക്കാമോ എന്നും പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു.
ബുധനാഴ്ചയ്ക്കുള്ളിൽ ഈ രാജ്യങ്ങൾ അവരുടെ നിലപാട് വ്യക്തമാക്കണമെന്നും, പുരോഗതി കാണിക്കാൻ 60 ദിവസം സമയം ഉണ്ടെന്നും അധികൃതർ അറിയിച്ചു. ഇത് പരാജയപ്പെട്ടാൽ ഇതിനകം വിസ വിലക്ക് നേരിടുന്ന 12 രാജ്യങ്ങളുടെ പട്ടികയിൽ ഇവരും ഉൾപ്പെടുത്തപ്പെട്ടേക്കാമെന്ന മുന്നറിയിപ്പും നൽകി. ദേശീയ സുരക്ഷാ ആശങ്കങ്ങളും അപര്യാപ്തമായ പരിശോധനാ സംവിധാനങ്ങളുമാണ് ഈ തീരുമാനത്തിനുള്ള കാരണമായി ഭരണകൂടം ചൂണ്ടിക്കാട്ടിയത്.
ദീർഘകാല അമേരിക്കൻ സഖ്യകക്ഷികളായ ഈജിപ്ത്, നൈജീരിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിൽ ഉണ്ടെന്നത് പ്രത്യേക ശ്രദ്ധേയമാണ്. സിറിയ, കോംഗോ തുടങ്ങിയ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. സൗത്ത് സുഡാൻ ഇതിനകം തന്നെ പ്രത്യേക യാത്രാ നിയന്ത്രണം നേരിടുന്നുണ്ട്. നിലവിലുള്ള വിസകൾ റദ്ദാക്കില്ലെന്നും എന്നാൽ നിർണ്ണയിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തപക്ഷം പുതിയ വിസകൾ നിർത്തലാക്കാമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അധികൃതർ വ്യക്തമാക്കി.
ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ കർശനമാക്കാനും വിസ കാലാവധി ലംഘനങ്ങൾ കുറയ്ക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. ഈ തീരുമാനം അന്താരാഷ്ട്ര വിമർശനങ്ങൾക്കും കൂടാതെ വിലക്കിയ രാജ്യങ്ങളിൽ നിന്ന് പ്രതികാര നടപടികളുടെ ഭീഷണികൾക്കും കാരണമായിട്ടുണ്ട്.



