വാഷിഗ്ടൺ: യു.എസ്. ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചതനുസരിച്ച്, നിലവിലുള്ളതിനേക്കാൾ കൂടുതൽ രാജ്യങ്ങൾക്ക് യു.എസ്. യാത്രാ വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരാൾ രണ്ട് നാഷണൽ ഗാർഡ് അംഗങ്ങളെ വെടിവെച്ച സംഭവത്തെ തുടർന്നാണ് ഈ സുപ്രധാന നീക്കം. പുതിയതായി 30-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് നിയന്ത്രണങ്ങൾ ബാധകമാകുക. കൂടുതൽ രാജ്യങ്ങളെ വിലക്കിൽ ഉൾപ്പെടുത്തുമെന്ന സൂചന ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ ക്രിസ്റ്റി നോം സോഷ്യൽ മീഡിയ വഴി നൽകിയിരുന്നു.
യാത്രാവിലക്ക് വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ക്രിസ്റ്റി നോം തയ്യാറായില്ല. ഏതൊക്കെ രാജ്യങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തേണ്ടതെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിലയിരുത്തി വരികയാണെന്നും അഭിമുഖത്തിൽ വ്യക്തമാക്കി. “അവർക്ക് സുസ്ഥിരമായ ഒരു ഭരണകൂടമില്ലെങ്കിൽ, അവിടുത്തെ പൗരന്മാർ ആരാണെന്ന് ഞങ്ങളോട് പറയാനും അവരെ പരിശോധിക്കാനും സഹായിക്കാനും കഴിയുന്ന ഒരു രാജ്യമല്ലെങ്കിൽ, എന്തുകൊണ്ടാണ് നമ്മൾ ആ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്നത്?” എന്നായിരുന്നു നോമിൻ്റെ പ്രതികരണം.
ജൂണിൽ റിപ്പബ്ലിക്കൻ ഭരണകൂടം പ്രഖ്യാപിച്ച ആദ്യ യാത്രാവിലക്കിൽ 19 രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയിരുന്നത്. അഫ്ഗാനിസ്ഥാൻ, സോമാലിയ, ഇറാൻ, ഹെയ്തി തുടങ്ങിയ രാജ്യങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. വെടിവെപ്പ് നടന്നതിന് പിന്നാലെ ഈ 19 രാജ്യങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഭരണകൂടം കർശനമാക്കിയിരുന്നു. വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡ് സ്പെഷ്യലിസ്റ്റ് സാറാ ബെക്‌സ്‌ട്രോം കൊല്ലപ്പെട്ട വെടിവെപ്പിൽ, അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസിലേക്ക് കുടിയേറിയ റഹ്മാനുല്ല ലകൻവാളിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
അതിർത്തി സുരക്ഷയും രാജ്യത്തെത്തുന്നവർ ഒരു ഭീഷണിയല്ലെന്ന് ഉറപ്പാക്കുന്നതിന് കൂടുതൽ കർശനമായ പരിശോധന ആവശ്യമാണെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ വാദം. എന്നാൽ, യു.എസിൽ എത്താൻ ഇതിനോടകം വിപുലമായ പരിശോധനകൾക്ക് വിധേയരായ ആളുകളെ ഭരണകൂടം മാനസികമായി പീഡിപ്പിക്കുകയാണെന്നും പുതിയ നടപടികൾ കൂട്ടായ ശിക്ഷയ്ക്ക് തുല്യമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ, അഭയാർത്ഥികൾക്കും അഭയം തേടുന്നവർക്കുമുള്ള വർക്ക് പെർമിറ്റിൻ്റെ കാലാവധി കുറയ്ക്കുന്നതടക്കം നിരവധി കുടിയേറ്റ നടപടികൾ ഭരണകൂടം സ്വീകരിച്ചു കഴിഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Security threat: Trump administration threatens to impose ban on several countries



