കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര സമ്മർദ്ദങ്ങളുടെ ഫലമായി വരും മാസങ്ങളിൽ ആയിരക്കണക്കിന് പലചരക്ക് ഉൽപ്പന്നങ്ങളുടെ വില ഗണ്യമായി ഉയരുമെന്ന് ലോബ്ലോ, വാൾമാർട്ട് എന്നീ പ്രമുഖ റീട്ടെയിൽ കമ്പനികൾ മുന്നറിയിപ്പ് നൽകി.
“നിലവിൽ ഏകദേശം 1,000 ഉൽപ്പന്നങ്ങളുടെ വിലയാണ് നികുതികൾ കാരണം ഉയർന്നിരിക്കുന്നത്. എന്നാൽ നികുതിക്ക് മുമ്പുള്ള സ്റ്റോക്ക് തീരുന്നതോടെ ഈ എണ്ണം രണ്ട് മാസത്തിനുള്ളിൽ 6,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്,” എന്ന് ലോബ്ലോ സിഇഒ പെർ ബാങ്ക് വ്യക്തമാക്കി.
അവശ്യ ഭക്ഷ്യവസ്തുക്കൾ, പ്രകൃതിദത്ത ഭക്ഷണങ്ങൾ, ആരോഗ്യ ഉൽപന്നങ്ങൾ എന്നീ വിഭാഗങ്ങൾക്കാകും ഏറ്റവും കൂടുതൽ വിലക്കയറ്റം അനുഭവപ്പെടുക.
അതേസമയം, അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ നികുതികളുടെ ഫലമായി വാൾമാർട്ട് ഇതിനകം തന്നെ ചില ഉൽപ്പന്നങ്ങളുടെ വിലകൾ ഉയർത്തിക്കഴിഞ്ഞു. ചൈന, പെറു, കൊളംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങളിലെ നികുതി വർധനവ് ഇലക്ട്രോണിക് ഉപകരണങ്ങളെയും പഴം-പച്ചക്കറികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്, എന്ന് വാൾമാർട്ട് സിഇഒ ഡഗ് മക്മില്ലൻ സമ്മതിച്ചു.
കനേഡിയൻ സർക്കാർ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട ഇറക്കുമതി നികുതികൾ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും, ഓറഞ്ച് ജ്യൂസ്, മദ്യം തുടങ്ങിയ അവശ്യ വസ്തുക്കൾക്ക് നികുതി തുടരുന്നതായി സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളിലെയും ഉപഭോക്താക്കൾ അടുത്ത ആഴ്ചകളിൽ വിലക്കയറ്റത്തിന്റെ ഫലങ്ങൾ അനുഭവിക്കാൻ തുടങ്ങുമെന്ന് വിപണി വിദഗ്ധർ പറയുന്നുണ്ട്.



