ചർച്ചിളിന് 70 കിലോമീറ്റർ വടക്കായി ഹബ്ബാർട്ട് പോയിന്റിൽ സ്ഥിതി ചെയ്യുന്ന പുരാതന ഇൻയൂട്ട് വേട്ട ക്യാമ്പിലേക്കുള്ള യാത്രകൾക്ക് അനുമതിയില്ലെന്ന് മാനിറ്റോബ സർക്കാർ അറിയിച്ചു. ഈ ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് വിനോദസഞ്ചാരികളുടെ സാന്നിധ്യം ആർട്ടിഫക്ടസിനും പരിസ്ഥിതിക്കും നാശമുണ്ടാക്കുമെന്ന ആശങ്കകൾ ഉയർന്നതിനെ തുടർന്നാണ് ഈ നടപടി. കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (CBC) യുടെ റിപ്പോർട്ട് പ്രകാരം, Lazy Bear Expeditions എന്ന ടൂറിസം കമ്പനി ഹഡ്‌സൺ ബേ വന്യജീവി സാഹസിക യാത്ര എന്ന പേരിൽ ഇവിടെ ടൂറുകൾ നടത്തിയിരുന്നു. ഒരാൾക്ക് 16,800 ഡോളർ നിരക്കിൽ പോളാർ ബെയറുകളെയും മറ്റ് വന്യജീവികളെയും കാണാനും, സമീപ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരം നൽകുന്ന ഈ ടൂർ, പ്രാദേശിക സംരക്ഷണ ഗ്രൂപ്പുകളുടെയും വേട്ടയാടൽ സംഘടനകളുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു.
വർഷങ്ങളായി ഉപയോഗിക്കപ്പെട്ടിരുന്ന പുരാതന ഇൻയൂട്ട് നിർമ്മിതികൾ, വേട്ടയാടൽ സ്ഥലങ്ങൾ, ടെന്റ് റിങ്ങുകൾ, ശവകുടീരങ്ങൾ തുടങ്ങിയവ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ഈ സ്ഥലത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം കണക്കിലെടുത്ത്, ടൂറുകൾക്ക് അനുമതി നൽകുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഓഷ്യൻ നോർത്ത് എന്ന സംരക്ഷണ ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. ടൂറുകൾക്ക് അനുമതിയില്ലെന്ന് അറിയിച്ച സർക്കാർ, ഹബ്ബാർട്ട് പോയിന്റിലെ ടൂറിസം പ്രവർത്തനങ്ങൾക്കായി അനുമതി തേടിയ ഓപ്പറേറ്റർമാരെയും ഈ തീരുമാനം അറിയിച്ചു. ഭാവിയിൽ ഇത്തരം പ്രദേശങ്ങളിൽ ടൂറുകൾ നടത്താൻ പദ്ധതിയിടുന്നവർക്ക് ശക്തമായ പരിശോധനയും ഹെറിറ്റേജ് റിസോഴ്സസ് ബ്രാഞ്ചുമായുള്ള കൂടിയാലോചനകളും ആവശ്യമായി വരുമെന്നും അധികൃതർ വ്യക്തമാക്കി.
ഈ വിഷയത്തിൽ Lazy Bear Expeditions പ്രതികരിച്ചത്, ഹബ്ബാർട്ട് പോയിന്റിന് ചുറ്റുമുള്ള മെയിൻലാൻഡിൽ പുണ്യസ്ഥലങ്ങൾ ഉണ്ടെന്നും, അവയെ തങ്ങൾ എല്ലായ്പ്പോഴും ബഹുമാനിച്ചിട്ടുണ്ടെന്നുമാണ്. നിലവിൽ ഈ പ്രദേശത്ത് ടൂറുകൾ നടത്തുന്നില്ലെന്നും അവർ അറിയിച്ചു. ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ ഓഷ്യൻ നോർത്ത് പ്രശംസിച്ചു. ടൂറുകൾക്ക് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തുക എന്നതല്ല, മറിച്ച് ഈ സ്ഥലത്തെ സാംസ്കാരികമായി ബഹുമാനിക്കാവുന്ന രീതിയിൽ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഓഷ്യൻ നോർത്ത് വൈസ് പ്രസിഡന്റ് ക്രിസ്റ്റഫർ ഡെബിക്കി അറിയിച്ചു. ഈ തീരുമാനം പ്രദേശത്തിന്റെ പൈതൃകത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കാനുള്ള മാർഗ്ഗരേഖകൾ തയ്യാറാക്കാൻ തദ്ദേശീയ സമൂഹങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഡെബിക്കി പ്രത്യാശ പ്രകടിപ്പിച്ചു.
Tourism is on the rise; Government bans illegal tours in northern Manitoba



