ടൊറോന്റോ : ടൊറോന്റോ നഗരത്തിലെ പ്രധാന ഗതാഗത സംവിധാനമായ ഗാർഡിനർ എക്സ്പ്രസ്‌വേയിലെ അഞ്ച് പാലങ്ങളുടെ അറ്റകുറ്റപ്പണികൾ ഏപ്രിൽ 7 മുതൽ ആരംഭിക്കും. പാർക്ക് ലോൺ റോഡിനും ഗ്രാൻഡ് അവന്യൂവിനും ഇടയിലുള്ള പാലങ്ങളാണ് പുനരുദ്ധാരണത്തിന് ഭാഗമാകുന്നത്. നഗരത്തിലെ തന്ത്രപരമായ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമാണിത്.
നിർമ്മാണ പ്രവർത്തനങ്ങൾ 2026 നവംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 ഫിഫ വേൾഡ് കപ്പിനോട് അനുബന്ധിച്ച് ഗതാഗത സൗകര്യം ഒരുക്കുന്നതിനായി 2026 മേയ് മുതൽ ജൂലൈ വരെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് താൽക്കാലിക ഇടവേള നൽകും. പാർക്ക് ലോൺ റോഡിലെയും മിമിക്കോ ക്രീക്കിലെയും അറ്റകുറ്റപ്പണികൾക്ക് ഒന്റാറിയോ സർക്കാർ ഫണ്ട് ചെയ്യുമ്പോൾ, കിപ്ലിംഗ്, ഇസ്ലിംഗ്ടൺ അവന്യൂ പാലങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് നഗരസഭ വഹിക്കും.
“ഈ അടിസ്ഥാന സൗകര്യ പുനരുദ്ധാരണ പദ്ധതി ടൊറോന്റോയുടെ ഗതാഗത സംവിധാനത്തിന്റെ ദീർഘകാല സ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണ് എന്നും ജനങ്ങളുടെ യാത്രാ അനുഭവത്തിലുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.” എന്നും നഗരസഭാ അധികാരി അഭിപ്രായപ്പെട്ടു.



