ടൊറന്റോയിലെ കോണ്ടോ വിപണി ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിലകൾ 7.3 ശതമാനം കുറഞ്ഞിരിക്കുന്നു, അതേസമയം വിൽപ്പന 30 ശതമാനത്തിലധികം ഇടിഞ്ഞിരിക്കുന്നു. “ഞാൻ വാങ്ങിയ 7 ലക്ഷം ഡോളറിന്റെ കോണ്ടോ ഇപ്പോൾ 6 ലക്ഷത്തിനു പോലും വിൽക്കാൻ പറ്റില്ല, എന്നാൽ എന്റെ മോർട്ട്ഗേജ് ബാക്കി 6.5 ലക്ഷം ഡോളർ ഉണ്ട്,” എന്ന് ടൊറന്റോയിലെ ഒരു കോണ്ടോ ഉടമയുടെ വാക്കുകൾ പ്രതിസന്ധിയുടെ ആഴം നമ്മുക്ക് വ്യക്തമാക്കി തരുന്നുണ്ട്.
വിപണി ഉയർന്നു നിന്ന സമയത്ത് വാങ്ങിയ ഒട്ടേറെ ഉടമകൾ ഇപ്പോൾ ‘നെഗറ്റീവ് ഇക്വിറ്റി’ അഥവാ സ്വത്തിന്റെ ഇപ്പോഴത്തെ വിലയേക്കാൾ കൂടുതൽ മോർട്ട്ഗേജ് കടം എന്ന അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കൂടാതെ, വാടക വരുമാനം കുറഞ്ഞതും സ്ഥിരമായ ചെലവുകൾ വർധിച്ചതും നിക്ഷേപകർക്ക് പ്രതിമാസ ബാധ്യതകൾ നേരിടാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. മോർട്ട്ഗേജ് പുതുക്കൽ അടുത്തുവരുന്നവർക്ക് ഈ സ്ഥിതി പ്രത്യേകിച്ചും ആശങ്കാജനകമാണ്. പലിശ നിരക്കുകൾ വർധിച്ചതോടെ പ്രതിമാസ തിരിച്ചടവിൽ നൂറുകണക്കിന് മുതൽ ആയിരക്കണക്കിന് ഡോളർ വരെ അധികമായി നൽകേണ്ടി വരും.
“വിപണിയിലെ വില എന്നും വർദ്ധിച്ചുകൊണ്ടിരിക്കുമെന്ന ധാരണ തകർന്നിരിക്കുന്നു,” എന്ന് സാമ്പത്തിക വിദഗ്ധനായ ഡഗ് ഹോയെസ് വ്യക്തമാക്കുന്നു. ഇപ്പോൾ വിൽക്കേണ്ടി വന്നാൽ വിലയിലുള്ള വ്യത്യാസം സ്വന്തം കയ്യിൽ നിന്ന് തിരിച്ചടയ്ക്കേണ്ടി വരുന്നതിനാൽ ചില ഉടമകൾക്ക് പാപ്പരാകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഈ സാഹചര്യത്തിൽ കോണ്ടോ ഉടമകൾ തങ്ങളുടെ സാമ്പത്തിക സ്ഥിതി യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തുകയും വായ്പാദാതാക്കളുമായി ബന്ധപ്പെട്ട് തിരിച്ചടവ് നീട്ടിവയ്ക്കൽ അല്ലെങ്കിൽ തിരിച്ചടവ് കാലാവധി ദീർഘിപ്പിക്കൽ പോലുള്ള ഓപ്ഷനുകൾ അന്വേഷിക്കുകയും ചെയ്യണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
സാമ്പത്തിക സ്ഥിതി തീർത്തും ഗുരുതരവും പരിഹരിക്കാനാവാത്തതും ആയ അവസ്ഥയിലാണ് . കൂടാതെ വിപണി താഴ്ചയിലിരിക്കുമ്പോൾ വിൽക്കുന്നത് നഷ്ടം വർധിപ്പിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. “പ്രശ്നം അവഗണിക്കരുത്, നിങ്ങൾ അതിനെ എത്ര വേഗം നേരിടുന്നോ, അത്രയും നല്ലത്,” എന്നാണ് ഉപദേശം. ടൊറന്റോയുടെ കോണ്ടോ മേഖലയിൽ ദീർഘകാലമായി വിപണി തിരുത്തൽ തുടരാൻ സാധ്യതയുള്ളതിനാൽ, നിലവിലെ നിലയിൽ തുടരണോ അതോ നഷ്ടം സ്വീകരിക്കണോ എന്ന തീരുമാനം എടുക്കേണ്ടതുണ്ട്.



