ഒന്റാരിയോയിലെ ചില സ്കൂൾ ബോർഡുകളിലെ ട്രസ്റ്റിമാരുടെ ചെലവുകൾ വിദ്യാഭ്യാസ മന്ത്രിയുടെ നിരീക്ഷണത്തിൽ. 145 ഡോളർ വിലവരുന്ന ആപ്പിൾ വാച്ച് ബാൻഡും 15 ഡോളറിന്റെ മിൽക്ക് ഷേക്കും ഉൾപ്പെടെയുള്ള ചെലവുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ സംഭവങ്ങൾ സ്കൂൾ ബോർഡ് ഭരണത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന. ധനകാര്യ ദുരുപയോഗം ആരോപിച്ച് സർക്കാർ മേൽനോട്ടത്തിലുള്ള അഞ്ച് സ്കൂൾ ബോർഡുകളിൽ ഒന്നാണ് ടൊറന്റോ കാത്തലിക് ഡിസ്ട്രിക്ട് സ്കൂൾ ബോർഡ്. സ്കൂൾ ബോർഡ് ഭരണത്തിൽ സമൂലമായ മാറ്റങ്ങൾ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പോൾ കലാൻഡ നേരത്തെ പറഞ്ഞിരുന്നു.
ട്രസ്റ്റിമാരുടെ സ്ഥാനങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുന്നതിനെക്കുറിച്ചും അദ്ദേഹം ചിന്തിക്കുന്നുണ്ട്. സർക്കാർ നിയമിച്ച സൂപ്പർവൈസർമാർ ട്രസ്റ്റിമാരുടെ ചെലവുകൾ പരിശോധിച്ചുവരികയാണ്. ടൊറന്റോ കാത്തലിക് ഡിസ്ട്രിക്ട് സ്കൂൾ ബോർഡ് ചെയർമാൻ മാർക്കസ് ഡി ഡൊമെനിക്കോയുടെ ചിലവുകളാണ് മന്ത്രി പ്രത്യേകം ശ്രദ്ധിച്ചത്. മിൽക്ക് ഷേക്കിനും, വാച്ച് ബാൻഡിനും പുറമെ, പുലർച്ചെ 3 മണിക്ക് മക്ഡൊണാൾഡ്‌സിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിൻ്റെ ബില്ലുകളും ഇതിൽ ഉൾപ്പെടുന്നു.
മന്ത്രിയുടെ നീക്കങ്ങളെ പരസ്യമായി എതിർത്തതിനാലാണ് തൻ്റെ ചെലവുകൾ മാത്രം ലക്ഷ്യമിടുന്നതെന്ന് മാർക്കസ് ഡി ഡൊമെനിക്കോ പറഞ്ഞു. “വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിട്ടില്ല,” ഡൊമെനിക്കോ കൂട്ടിച്ചേർത്തു.
ഓഫീസില്ലാത്തതിനാൽ രക്ഷിതാക്കളെ കാണാൻ മിൽക്ക് ഷേക്കിനോ കാപ്പിക്കോ പണം ചിലവഴിക്കാറുണ്ടെന്ന് ഡൊമെനിക്കോ വ്യക്തമാക്കി. ഹോളി ഷേക്ക്സിൽ നിന്ന് വാങ്ങിയ മിൽക്ക് ഷേക്കിനാണ് 15 ഡോളർ ചിലവായത്. ഇത് തൻ്റെ പ്രതിച്ഛായ തകർക്കാൻ നടത്തുന്ന ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
വാച്ച് ബാൻഡ് കേടായപ്പോൾ പുതിയത് വാങ്ങിയതാണെന്നും, അത് ബോർഡ് അംഗീകരിച്ചതാണെന്നും ഡൊമെനിക്കോ പറഞ്ഞു. എന്നാൽ ഡൊമെനിക്കോയുടെ വാദങ്ങൾ മന്ത്രി തള്ളി. 75.2 മില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കിയത് ഉൾപ്പെടെയുള്ള സാമ്പത്തിക ദുരുപയോഗം കാരണമാണ് അദ്ദേഹത്തിന്റെ ബോർഡ് സർക്കാർ മേൽനോട്ടത്തിലായതെന്നും മന്ത്രി പറഞ്ഞു. “വിദ്യാർത്ഥികളുടെ ക്ലാസ് റൂമുകൾ സ്വന്തം അക്കൗണ്ടുകൾ പോലെ ഉപയോഗിക്കുന്ന ട്രസ്റ്റിമാരെക്കാൾ മികച്ചത് വിദ്യാർത്ഥികൾക്ക് ലഭിക്കാൻ അർഹതയുണ്ട്,” കലാൻഡ പറഞ്ഞു.
വിദ്യാഭ്യാസത്തിന് സർക്കാർ ആവശ്യമായ ഫണ്ട് നൽകുന്നില്ലെന്നാണ് ഡൊമെനിക്കോ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. ട്രസ്റ്റിമാരുടെ പങ്ക് ഇല്ലാതാക്കുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശബ്ദം ഇല്ലാതാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 654 വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കിടയിൽ നടത്തിയ സർവേയിൽ 28 ശതമാനം പേരും സഹായത്തിനായി ട്രസ്റ്റിമാരെ സമീപിച്ചിരുന്നതായി ഓൺടാറിയോ ഓട്ടിസം സഖ്യം അറിയിച്ചു. ട്രസ്റ്റിമാരെ ഒഴിവാക്കുന്നത് വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും നിശ്ശബ്ദരാക്കുമെന്നും ഇത് സ്കൂൾ വിദ്യാഭ്യാസം തന്നെ അപകടത്തിലാക്കുമെന്നും സഖ്യം കൂട്ടിച്ചേർത്തു.



