ജൂപ്പിറ്റർ ഐലൻഡ് (ഫ്ലോറിഡ): ലോക ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് ഫ്ലോറിഡയിൽ വീണ്ടും കാർ അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഫ്ലോറിഡയിലെ ജൂപ്പിറ്റർ ഐലൻഡിലായിരുന്നു സംഭവം. വുഡ്സ് സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ സംഭവത്തിൽ മാർട്ടിൻ കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നതെന്ന് സിഎൻഎൻ അഫിലിയേറ്റായ ഡബ്ല്യുപിടിവി റിപ്പോർട്ട് ചെയ്തു. അപകടത്തിന്റെ തീവ്രതയോ വുഡ്സിന് പരിക്കേറ്റോ എന്ന കാര്യത്തിലോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. സംഭവസ്ഥലത്ത് പരിശോധന തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അന്വേഷണ ഏജൻസികൾ അറിയിച്ചു. വുഡ്സിന്റെ ഏജന്റുമായോ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായോ ആശയവിനിമയത്തിന് ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായിട്ടില്ല.

അക്കിലിസ് ടെൻഡനിലേറ്റ പരിക്ക് മാറുന്നതിനായി നടത്തിയ ഏഴാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം കരിയറിലേക്ക് ശക്തമായി തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെയാണ് 50-കാരനായ വുഡ്സിനെ തേടി വീണ്ടും അപകടവാർത്ത എത്തുന്നത്. കഴിഞ്ഞ വർഷം അവസാനമാണ് അദ്ദേഹം അവസാനമായി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അടുത്ത മാസം നടക്കാനിരിക്കുന്ന മാസ്റ്റേഴ്സ് ടൂർണമെന്റിലൂടെ വുഡ്സ് സജീവ ഗോൾഫിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇതിനിടെ ഈ ആഴ്ച ആദ്യം അദ്ദേഹം ‘ദി ഗോൾഫ് ലീഗിൽ’ (TGL) അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.
ടൈഗർ വുഡ്സ് കാർ അപകടത്തിൽപ്പെടുന്നത് ഇതാദ്യമല്ല. 2021-ൽ ലോസ് ഏഞ്ചൽസിലുണ്ടായ സമാനമായ വാഹനാപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനുശേഷം കഴിഞ്ഞ അഞ്ച് സീസണുകളിലായി 11 ടൂർണമെന്റുകളിൽ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. ഇതിൽ നാലെണ്ണത്തിൽ മാത്രമാണ് കളി പൂർത്തിയാക്കാൻ സാധിച്ചത്. 2024 ജൂലൈയിൽ സ്കോട്ട്ലൻഡിൽ നടന്ന ഓപ്പൺ ചാമ്പ്യൻഷിപ്പിന് ശേഷം വുഡ്സ് പ്രൊഫഷണൽ ടൂർണമെന്റുകളിൽ കളിച്ചിട്ടില്ല. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. വുഡ്സിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിനായി കാത്തിരിക്കുകയാണ് കായിക ലോകം.
tiger-woods-involved-in-rollover-crash-in-florida-per-local-report
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



