തണ്ടർ ബേ നഗരത്തിലെ ഭവനരഹിതർക്കായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന താൽക്കാലിക
ഷെൽട്ടർ വില്ലേജിന് പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിൽ നഗരസഭ. നേരത്തെ, കാം റിവർ ഹെറിറ്റേജ് പാർക്ക് ഈ പദ്ധതിക്കായി അംഗീകരിച്ചിരുന്നെങ്കിലും, വിശദമായ സുരക്ഷാ പരിശോധനയിൽ ഈ സ്ഥലം സുരക്ഷിതമല്ലെന്നും നിർമ്മാണത്തിന് വലിയ ചിലവ് വരുമെന്നും കണ്ടെത്തി. കാമിനിസ്റ്റിക്വിയ നദിയോടും സി.പി.കെ.സി. റെയിൽവേ പാതയോടും ചേർന്നാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന നഗരസഭാ യോഗത്തിൽ, കാം റിവർ പാർക്കിന് നൽകിയ മുൻ അനുമതി റദ്ദാക്കുകയും, എത്രയും പെട്ടെന്ന് പുതിയ സ്ഥലം നിർദ്ദേശിക്കാൻ ഭരണകൂടത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. “ഇതൊരു വെല്ലുവിളിയാണ്, സങ്കീർണ്ണവുമാണ്,ഓരോ നിർദ്ദേശത്തിനും അതിൻ്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടാകും. എന്നാൽ ഒടുവിൽ ഫലപ്രദമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.”എന്ന് കറന്റ് റിവർ കൗൺസിലർ ആൻഡ്രൂ ഫോൾഡ്സ് പറഞ്ഞു.
അഭയഗ്രാമത്തിന്റെ നിർമ്മാണത്തിനായി നഗരം 5.5 ദശലക്ഷം ഡോളറും വാർഷിക പ്രവർത്തന ചിലവുകൾക്കായി 1.5 ദശലക്ഷം ഡോളറും വകയിരുത്തിയിട്ടുണ്ട്. ചില സമയപരിധികൾ പാലിക്കുകയാണെങ്കിൽ, 2.8 ദശലക്ഷം ഡോളർ ബാഹ്യ ധനസഹായത്തിന് നഗരം അർഹത നേടും. താൽക്കാലിക അഭയഗ്രാമത്തിനുള്ള ധനസഹായത്തെക്കുറിച്ചുള്ള ആശങ്കകൾ കൗൺസിലർ ആൻഡ്രൂ ഫോൾഡ്സ് പങ്കുവെച്ചു. എന്നിരുന്നാലും, സമൂഹത്തിലെ ഏറ്റവും ദുർബലരും, മാനസികാഘാതം നേരിടുന്നവരും, വെല്ലുവിളികളെ അഭിമുഖീകരിക്കുന്നവരുമായ വ്യക്തികളെ സഹായിക്കാൻ ഫലപ്രദമായ ഒരു പദ്ധതി നടപ്പിലാക്കുന്നതിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഇപ്പോൾ ജൂൺ മാസമാണ്, കൂടാരങ്ങളെക്കുറിച്ച് ലഭിക്കുന്ന ഫോൺ കോളുകളുടെയും ഇമെയിലുകളുടെയും എണ്ണം മുൻകാലങ്ങളേക്കാൾ കൂടുതലാണ്,” ഫോൾഡ്സ് കൂട്ടിച്ചേർത്തു. ധനസഹായം, സമീപപ്രദേശങ്ങളുടെ സുരക്ഷ, ഏറ്റവും ദുർബലരായവർക്ക് സഹായവും പിന്തുണയും നൽകുന്ന ഒരു സംവിധാനം ഉറപ്പാക്കൽ എന്നിവയെല്ലാം തന്റെ പ്രധാന ആശങ്കകളാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സ്ഥലം തിരഞ്ഞെടുക്കുന്നത് വെല്ലുവിളിയാണെങ്കിലും, ജൂലൈ മാസത്തോടെ നഗരസഭ ഒരു പുതിയ സൈറ്റ് അംഗീകരിച്ചാൽ പദ്ധതിക്ക് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് നഗരഭരണകൂടം തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു.



