ഒട്ടാവ: കാനഡയിലെ ഭവന വിപണിയിൽ ദേശീയതലത്തിൽ വിലയിടിവ് തുടരുന്നതായി റിപ്പോർട്ട്. 2025 ഡിസംബർ മാസത്തിലെ കണക്കുകൾ പ്രകാരം ദേശീയ ഭവന വില സൂചികയിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടായതായി റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ ‘വാഹി’ (Wahi), ‘റിയൽ പ്രോപ്പർട്ടി സൊല്യൂഷൻസ്’ എന്നിവ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ വ്യത്യസ്തമായ വിലകളാണ് പ്രകടമാകുന്നത്. ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ വില തുടർച്ചയായി ഇടിയുമ്പോൾ ക്യുബെക്കിൽ വിപണി ശക്തമായ വളർച്ചയിലാണ്. പ്രയറി മേഖലയിൽ വളർച്ചാനിരക്ക് സാവധാനത്തിലാണെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ക്യുബെക്ക് സിറ്റിയാണ് നിലവിൽ കാനഡയിലെ ഏറ്റവും സജീവമായ റിയൽ എസ്റ്റേറ്റ് വിപണി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇവിടെ ഭവനവിലയിൽ 12 ശതമാനം വർധനവുണ്ടായി. വീടുകളുടെ ലഭ്യതയിലുണ്ടായ കുറവും മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വില കുറവാണെന്നതുമാണ് ക്യുബെക്കിനെ നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്. കോവിഡ് കാലത്തിന് ശേഷം വാടകയിലും വിലയിലുമുണ്ടായ വർധനവ് സ്വന്തമായി വീട് വാങ്ങാനുള്ള താല്പര്യം വർധിപ്പിച്ചതായി ബ്രോക്കർമാർ വിലയിരുത്തുന്നു. നിലവിൽ വിപണിയിലെത്തുന്ന വീടുകളിൽ പകുതിയും അതിവേഗം വിറ്റുപോകുന്ന സാഹചര്യമാണ് അവിടെയുള്ളത്.
മറുഭാഗത്ത്, ടൊറന്റോയിലെ ഭവന വിപണി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഡിസംബറിൽ വിലയിൽ ആറ് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. വിദേശ കുടിയേറ്റം കുറഞ്ഞതും ജനസംഖ്യയിലുണ്ടായ ഇടിവും വാടക കുറഞ്ഞതുമാണ് ടൊറന്റോയെ ബാധിച്ചത്. അതേസമയം, സസ്കാച്ചെവാനിലെ റജീന നഗരം പ്രയറി മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നുണ്ട്. ഏകദേശം 3,67,000 ഡോളർ മാത്രം ശരാശരി വിലയുള്ള റജീനയിലെ വീടുകൾക്ക് ടൊറന്റോ പോലുള്ള വലിയ നഗരങ്ങളിൽ നിന്നുള്ളവർക്കിടയിൽ ആവശ്യക്കാരേറെയാണ്. എങ്കിലും വരും വർഷങ്ങളിൽ പ്രയറി മേഖലയിലും വിലയിൽ ചെറിയ കുറവുണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ പ്രവചനം.
-three-real-estate-markets-that-are-bucking-national-trends
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82


