മോൺട്രിയൽ: നഗരസഭയിലെ വൈറ്റ് കോളർ ജീവനക്കാർക്ക് ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ നേരിട്ട് ഹാജരാകുന്നത് നിർബന്ധമാക്കി മേയർ സോറയ മാർട്ടിനെസ് ഫെറാഡ. തൊഴിലാളി യൂണിയനുമായി പുതിയ സേവന വ്യവസ്ഥകളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് നഗരസഭയുടെ ഈ നിർണ്ണായക പ്രഖ്യാപനം പുറത്തുവന്നത്.
ഏകദേശം 6,000 ജീവനക്കാരെ നേരിട്ട് ബാധിക്കുന്ന പുതിയ ടെലിവർക്കിംഗ് നയം സെപ്റ്റംബർ 14 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മേയറുടെ വക്താവ് സ്ഥിരീകരിച്ചു. നിലവിൽ പകുതിയോളം ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ എത്തുന്നുണ്ടെങ്കിലും, ശേഷിക്കുന്ന 30 ശതമാനം പേർക്ക് കൂടി ഇത് ബാധകമാക്കുകയാണ് നഗരസഭ. ജോലിസ്ഥലത്തെ സഹകരണം, സർഗ്ഗാത്മകത, നവീന ആശയങ്ങൾ എന്നിവ വർധിപ്പിക്കാൻ ഈ ‘ഹൈബ്രിഡ്’ രീതി സഹായിക്കുമെന്നും, ആഴ്ചയിൽ മൂന്ന് ദിവസം എന്നത് ഉചിതമായ തീരുമാനമാണെന്നും മേയർ മാധ്യമങ്ങളോട് വ്യക്തമാക്കി.
എന്നാൽ, നഗരസഭയുടെ ഈ നീക്കത്തിനെതിരെ ജീവനക്കാരുടെ സംഘടനയായ എസ്.എഫ്.എം.എം (SFMM) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ചർച്ചകൾ ആരംഭിച്ച് ഒരാഴ്ച തികയും മുൻപേ ഏകപക്ഷീയമായി തീരുമാനമെടുത്തത് തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് യൂണിയൻ ആരോപിച്ചു. അതേസമയം, മോൺട്രിയലിലെ ബിസിനസ് മേഖലയിലുണ്ടായ സാമ്പത്തിക മാന്ദ്യവും ഓഫീസ് കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുന്നതും പരിഗണിച്ചാണ് നഗരസഭയുടെ നീക്കമെന്ന വിമർശനം മേയർ തള്ളി.
കാനഡയിലെ ഫെഡറൽ സർക്കാരും ആർ.ബി.സി (RBC) പോലുള്ള പ്രമുഖ ബാങ്കുകളും സമാനമായ രീതിയിൽ ഓഫീസ് ഹാജർ വർധിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് മോൺട്രിയൽ നഗരസഭയും ഈ പരിഷ്കാരത്തിലേക്ക് കടക്കുന്നതെന്ന് മേയർ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'No more working from home': Three days in the office mandatory; Montreal municipality introduces new reform



