സാസ്കച്ചെവാൻ: സാസ്കച്ചെവാൻ പ്രവിശ്യയിൽ വിദേശ തൊഴിലാളികളെ ചൂഷണം ചെയ്തെന്ന കേസിൽ മൂന്ന് റെസ്റ്റോറന്റ് ഉടമകൾക്കെതിരെ കേസെടുത്തു. പ്രവിശ്യയിലെ നിയമപ്രകാരം ഇത്തരമൊരു കുറ്റം ചുമത്തുന്നത് കാനഡയിൽ ഇതാദ്യമായാണ് എന്ന് അധികൃതർ അറിയിച്ചു. മൂസ് ജാവിൽ ‘ഗ്വാക് മെക്സി ഗ്രിൽ’ (Guac Mexi Grill) എന്ന റെസ്റ്റോറന്റ് നടത്തുന്ന കാർത്തിക് കുമാർ പ്രകാശ്കുമാർ പട്ടേൽ, ഋത്വിക് ഹസ്മുഖ്ഭായ് പട്ടേൽ, പീയൂഷ് കുമാർ മഫത്ഭായ് പട്ടേൽ എന്നിവർക്കെതിരെയാണ് ‘വിദേശ തൊഴിലാളി റിക്രൂട്ട്‌മെന്റ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ആക്ട്’ പ്രകാരം കേസെടുത്തിരിക്കുന്നത്.
തൊഴിൽ നൽകുന്നതിനായി വിദേശ തൊഴിലാളികളിൽ നിന്ന് പണം ഈടാക്കി, തൊഴിലാളികളുടെ വിശ്വാസ്യത മുതലെടുക്കുകയോ ഭയത്തെ ചൂഷണം ചെയ്യുകയോ ചെയ്തു, അന്വേഷണത്തിൽ പങ്കെടുത്തതിനോ പരാതി നൽകിയതിനോ തൊഴിലാളികൾക്കെതിരെ നടപടിയെടുക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തു എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന കുറ്റങ്ങൾ. 2023 ഓഗസ്റ്റിനും 2024 ഫെബ്രുവരി മാസത്തിനും ഇടയിലാണ് ഈ നിയമലംഘനങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്നത്. കേസിൽ പ്രതികൾ നവംബർ 25-ന് മൂസ് ജാ പ്രവിശ്യാ കോടതിയിൽ ഹാജരാകണം.
കാനഡയിലെ ഒരു പ്രവിശ്യാ നിയമപ്രകാരം നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രോസിക്യൂഷൻ ആണിതെന്ന് ഇമിഗ്രേഷൻ ആൻഡ് കരിയർ ട്രെയിനിംഗ് ഡെപ്യൂട്ടി മിനിസ്റ്റർ ഡ്രൂ വിൽബി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, ഇടപെടൽ, നിയമം നടപ്പാക്കൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് സസ്‌കാച്ചെവാന്റെ പുതിയ നിയമ പാലന മാതൃക നിർമ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്നവർക്ക് പുതിയ നിയമം വഴി കൂടുതൽ കടുത്ത ശിക്ഷകൾ നൽകാൻ കഴിയും. 2024 ജൂലൈയിൽ നിലവിൽ വന്ന പുതിയ ‘ഇമിഗ്രേഷൻ സർവീസസ് ആക്ട്’ പ്രകാരം വ്യക്തികൾക്ക് $7,50,000 വരെയും സ്ഥാപനങ്ങൾക്ക് $1.25 മില്യൺ വരെയും പിഴ ചുമത്താനും രണ്ട് വർഷം വരെ തടവ് ശിക്ഷ നൽകാനും കഴിയും.
കുടിയേറ്റ നിയമ വിദഗ്ധർ ഈ നടപടിയെ അനുകൂലമായി വിലയിരുത്തി. പ്രവിശ്യയിലെ തൊഴിൽനിയമങ്ങൾ കൂടുതൽ ശക്തമാക്കാനും നിയമലംഘനങ്ങൾ തടയാനും ഇത് സഹായകമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു. ഇത്തരം കേസുകളിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള അധികാര അസന്തുലിതാവസ്ഥ വളരെ കൂടുതലായതിനാൽ, വിദേശ തൊഴിലാളികൾ അനധികൃത പണമിടപാടുകളിലൂടെ ചൂഷണത്തിന് ഇരയാകുന്ന സാഹചര്യം നിലനിൽക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. മോശം പ്രവണതകൾക്ക് എതിരെ ശക്തമായ നിയമനടപടി ആരംഭിക്കുന്നത് നീതിയിലേക്കുള്ള പോസിറ്റീവ് നീക്കമാണെന്നും വിദഗ്ധർ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
First application of new law: Three charged in Saskatchewan for worker exploitation



