തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് രണ്ടാം പ്രതി മാർട്ടിൻ പുറത്തുവിട്ട വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളെയാണ് തൃശൂർ സിറ്റി പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ കൂടുതൽ റീച്ച് കിട്ടാനും അതിലൂടെ പണം ഉണ്ടാക്കാനുമായി മനഃപൂർവം വീഡിയോ പങ്കുവെച്ചു എന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് ഇവരെ പിടികൂടിയത്.
നടിയെ ആക്രമിച്ച കേസിലെ വിധി വന്നതിന് പിന്നാലെയാണ് മാർട്ടിൻ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ, കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതിനായി പ്രതികൾ വിവിധ ഫേസ്ബുക്ക് പേജുകളിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും വീഡിയോ അപ്‌ലോഡ് ചെയ്യുകയായിരുന്നു. വീഡിയോ പ്രചരിപ്പിക്കുന്നതിനായി ഇവർ പണം കൈപ്പറ്റിയെന്നും അതിജീവിതയെ ബോധപൂർവം അപകീർത്തിപ്പെടുത്താനാണ് ഇത് ചെയ്തതെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) 72, 75 വകുപ്പുകളും ഐ.ടി ആക്ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിജീവിതയുടെ സ്വകാര്യതയെയും അന്തസ്സിനെയും ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പോലീസ് അറിയിച്ചു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇരുന്നൂറിലധികം സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഈ വീഡിയോ പ്രചരിച്ചതായി കണ്ടെത്തി. ഈ ലിങ്കുകളെല്ലാം പോലീസ് ഇതിനോടകം തന്നെ നശിപ്പിക്കുകയും ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോ ഇനിയും കൈവശം വെക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരെ കർശന നടപടിയുണ്ടാകും.
അതിജീവിതയെ അപകീർത്തിപ്പെടുത്തുന്ന നീക്കങ്ങൾക്കെതിരെ കർശന നിരീക്ഷണം തുടരുമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു. നിയമപരമായ വിലക്കുകൾ ലംഘിച്ച് അതിജീവിതയുടെ പേരോ ദൃശ്യങ്ങളോ പങ്കുവെക്കുന്നത് സൈബർ നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Survivor's name revealed: Three arrested for spreading Martin's video



