ടൊറൻ്റോ: ഒന്റാറിയോ പ്രവിശ്യയിൽ ആഞ്ഞടിച്ച ശീതക്കാറ്റിനെത്തുടർന്ന് ജനജീവിതം സ്തംഭിച്ചു. കനത്ത മഞ്ഞുവീഴ്ചയിലും ഐസ് മഴയിലും മരങ്ങൾ കടപുഴകി വീണതോടെ പതിനായിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി ബന്ധം നഷ്ടമായി. ഒന്റാറിയോയിലെ ഏറ്റവും വലിയ വൈദ്യുതി വിതരണ കമ്പനിയായ ഹൈഡ്രോ വൺ (Hydro One) നൽകുന്ന വിവരമനുസരിച്ച്, ചൊവ്വാഴ്ച രാവിലെയും ഏകദേശം 15,000 ഉപഭോക്താക്കൾ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. തിങ്കളാഴ്ച ഒരു ഘട്ടത്തിൽ 60,000-ത്തിലധികം ആളുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.
മഞ്ഞുവീഴ്ചയെത്തുടർന്ന് റോഡുകൾ അതീവ അപകടകരമായ അവസ്ഥയിലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നോർത്തേൺ ഒന്റാറിയോയിലെ നോർത്ത് ബേയ്ക്കും ഹേർസ്റ്റിനും ഇടയിലുള്ള ഹൈവേ 11 ഉൾപ്പെടെ നൂറുകണക്കിന് കിലോമീറ്റർ റോഡുകൾ നിലവിൽ അടച്ചിരിക്കുകയാണ്. റോഡിലെ മഞ്ഞും മോശം കാലാവസ്ഥയും കാരണം വൈദ്യുതി പുനഃസ്ഥാപിക്കാനെത്തുന്ന ജീവനക്കാർക്ക് പലയിടങ്ങളിലും യഥാസമയം എത്താൻ സാധിക്കുന്നില്ല. ഐസ് അടിഞ്ഞുകൂടി മരച്ചില്ലകൾ ഒടിഞ്ഞ് വീണതാണ് മിക്കയിടങ്ങളിലും വൈദ്യുതി ലൈനുകൾ തകരാൻ കാരണമായത്. കാറ്റ് തുടരുന്നത് കൂടുതൽ തകരാറുകൾക്ക് കാരണമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വരും ദിവസങ്ങളിലും കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻവയോൺമെൻ്റ് കാനഡ അറിയിച്ചു. തെക്കുപടിഞ്ഞാറൻ, വടക്കൻ ഒന്റാറിയോ മേഖലകളിൽ അതിശക്തമായ മഞ്ഞുവീഴ്ചയ്ക്കും (Snow Squalls) കാറ്റിനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ വരും ദിവസങ്ങളിൽ 50 സെൻ്റീമീറ്റർ വരെ അധിക മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കാഴ്ചപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഒന്റാറിയോ 511 റോഡ് ഇൻഫർമേഷൻ സർവീസ് നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Thousands still without power after winter storm in Ontario



