ഒട്ടാവ: കാനഡയിലെ റെസ്റ്റോറന്റ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി പുതിയ റിപ്പോർട്ട്. രാജ്യമെമ്പാടും പണപ്പെരുപ്പവും ജീവിതച്ചെലവും വർദ്ധിച്ചതോടെ വരും മാസങ്ങളിൽ അയ്യായിരത്തോളം റെസ്റ്റോറന്റുകൾ കൂടി പൂട്ടാൻ സാധ്യതയുണ്ടെന്ന് ഡൽഹൗസി സർവകലാശാല പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മാത്രം ഏഴായിരത്തോളം ഭക്ഷണശാലകളാണ് കാനഡയിൽ പ്രവർത്തനം അവസാനിപ്പിച്ചത്.
സാമ്പത്തികമായി കടുത്ത സമ്മർദ്ദത്തിലൂടെയാണ് ഉപഭോക്താക്കൾ കടന്നുപോകുന്നതെന്നും ഇത് അവരുടെ ഭക്ഷണശീലങ്ങളിൽ വലിയ മാറ്റം വരുത്തിയെന്നും അഗ്രി-ഫുഡ് അനലിറ്റിക്‌സ് ലാബ് ഡയറക്ടർ സിൽവെയിൻ ചാർലിബോയിസ് പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം പലരും റെസ്റ്റോറന്റുകളിൽ പോയി ആഹാരം കഴിക്കുന്നത് കുറച്ചു. പുറത്തുപോയി ഭക്ഷണം കഴിക്കുമ്പോഴാകട്ടെ, അധികച്ചെലവ് വരുന്ന വിഭവങ്ങളും മദ്യവും ഒഴിവാക്കി ചെലവ് ചുരുക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുന്നത്. ഇതോടെ ഇത്തരം സ്ഥാപനങ്ങളുടെ വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ചു.
ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവും ജീവനക്കാരുടെ വേതനത്തിലുണ്ടായ വർദ്ധനവുമാണ് ഉടമകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. വില വർദ്ധിപ്പിച്ചാൽ ഉപഭോക്താക്കൾ കുറയുമെന്ന ഭയത്താൽ പല സ്ഥാപനങ്ങളും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. വാടക, ഇൻഷുറൻസ് തുകകൾ എന്നിവയിലുണ്ടായ വർദ്ധനവും തിരിച്ചടിയായി. കാനഡയിലെ 41 ശതമാനം റെസ്റ്റോറന്റുകളും നിലവിൽ നഷ്ടത്തിലോ ലാഭനഷ്ടങ്ങൾ ഇല്ലാത്ത അവസ്ഥയിലോ ആണെന്ന് ഈ മേഖലയിലെ സംഘടനയായ ‘റെസ്റ്റോറന്റ്‌സ് കാനഡ’ വ്യക്തമാക്കുന്നു.
മുൻകാലങ്ങളിൽ ഒരു പുതിയ ഭക്ഷണശാല ക്ലച്ചുപിടിക്കാൻ അഞ്ച് വർഷം വേണ്ടിവന്നിരുന്നെങ്കിൽ, ഇന്നത്തെ സാഹചര്യത്തിൽ അത് കൂടുതൽ പ്രയാസകരമായിരിക്കുകയാണ്. വലിയ ശൃംഖലകളും ചെറുകിട സ്ഥാപനങ്ങളും ഒരുപോലെ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ, നേരത്തെ പ്രഖ്യാപിച്ച ജി.എസ്.ടി ഇളവുകൾ സ്ഥിരമാക്കുന്നത് ഉൾപ്പെടെയുള്ള സർക്കാർ ഇടപെടലുകൾ ഈ മേഖലയെ രക്ഷിക്കാൻ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
thousands-of-restaurants-in-canada-could-close-in-2026-says-new-study
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



