ആൽബർട്ട: കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകിക്കൊണ്ട് ആൽബർട്ട പ്രവിശ്യ 2026-ലെ ഇമിഗ്രേഷൻ നയങ്ങൾ പ്രഖ്യാപിച്ചു. ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) വഴി ഈ വർഷം 6,403 പേർക്ക് പ്രൊവിൻഷ്യൽ നോമിനേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോമിനേഷൻ ക്വാട്ടയിൽ ഏകദേശം 31 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ജനുവരി 13-ലെ കണക്കനുസരിച്ച് ഇതിനോടകം തന്നെ 111 നോമിനേഷനുകൾ പ്രവിശ്യ നൽകിക്കഴിഞ്ഞു.
ആൽബർട്ടയിലെ തൊഴിൽ വിപണിയിലെ കുറവുകൾ പരിഹരിക്കുന്നതിനായി ആറ് പ്രധാന മേഖലകളിൽ നിന്നുള്ളവർക്കാണ് 2026-ൽ മുൻഗണന ലഭിക്കുക. ആരോഗ്യമേഖല, സാങ്കേതികവിദ്യ, നിർമ്മാണ മേഖല, ഏവിയേഷൻ, കൃഷി എന്നിവയ്‌ക്കൊപ്പം ഇത്തവണ ‘മാനുഫാക്ചറിംഗ്’ അഥവാ നിർമ്മാണ യൂണിറ്റ് മേഖലയെയും മുൻഗണനാ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലകളിൽ തൊഴിൽ നൈപുണ്യമുള്ളവർക്ക് പി.ആർ നടപടികൾ വേഗത്തിലാക്കാൻ സാധിക്കും.
ആകെ അനുവദിച്ചിട്ടുള്ള 6,403 സീറ്റുകളിൽ സിംഹഭാഗവും ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം വഴിയാണ് നൽകുന്നത്. ഏകദേശം 3,425 സീറ്റുകൾ ഈ വിഭാഗത്തിനായി മാറ്റിവെച്ചിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ ജോലി വാഗ്ദാനം ഉള്ളവർക്കായി റൂറൽ റിന്യൂവൽ സ്ട്രീമിൽ 1,000 സീറ്റുകളും ടെക് ജീവനക്കാർക്കായി ആക്‌സിലറേറ്റഡ് ടെക് പാത്ത്‌വേയിൽ 600 സീറ്റുകളും നീക്കിവെച്ചിരിക്കുന്നു. കൂടാതെ ആരോഗ്യ പ്രവർത്തകർക്കായി പ്രത്യേകമായി 500 സീറ്റുകളും ടൂറിസം മേഖലയിലുള്ളവർക്ക് 150 സീറ്റുകളും ലഭ്യമാണ്.
ഫ്രഞ്ച് ഭാഷാ പരിജ്ഞാനമുള്ളവർക്കും ലൈസൻസുള്ള ഡോക്ടർമാർക്കും ഫെഡറൽ ഗവൺമെന്റ് അനുവദിച്ചിട്ടുള്ള 10,000 പ്രത്യേക സീറ്റുകൾക്ക് പുറമെ ആനുകൂല്യം ലഭിക്കാനും സാധ്യതയുണ്ട്. ഇത് പ്രവിശ്യയുടെ സാധാരണ ക്വാട്ടയിൽ ഉൾപ്പെടാത്തതിനാൽ കൂടുതൽ പേർക്ക് ഈ വർഷം പി.ആർ ലഭിക്കാൻ സഹായകരമാകും. നിലവിൽ ആയിരക്കണക്കിന് അപേക്ഷകൾ പ്രവിശ്യയുടെ പരിഗണനയിലുണ്ടെങ്കിലും മുൻഗണനാ മേഖലയിലുള്ളവർക്ക് വലിയ അവസരങ്ങളാണ് 2026-ൽ തുറന്നു കിട്ടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
These are the candidates Alberta is prioritizing for permanent residence in 2026



