പഠിച്ച് കഴിഞ്ഞ് ജോലിക്കായി നെട്ടോട്ടമോടുന്ന കാലം കഴിഞ്ഞു. പഠിക്കുമ്പോൾ തന്നെ വരുമാനം നേടാനും, കോഴ്‌സ് തീരുന്നതിന് മുൻപ് തന്നെ ജോലി ഉറപ്പാക്കാനും പറ്റുന്ന ഒരു മികച്ച അവസരം ഒരുക്കുകയാണ് ജർമ്മനിയിലെ ഔസ്ബിൽഡങ് (Ausbildung) പദ്ധതി. പ്ലസ് ടു കഴിഞ്ഞിറങ്ങുന്നവർക്കും മറ്റു ഡിഗ്രികൾ ഉള്ളവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഈ പദ്ധതി കൂടുതൽ വിദേശ വിദ്യാർത്ഥികളെയും തൊഴിലന്വേഷകരെയും ജർമ്മനിയിലേക്ക് ആകർഷിക്കുന്നുണ്ട്.
ഔസ്ബിൽഡങ് എന്നാൽ ഒരുതരം തൊഴിൽ പരിശീലനമാണ്. ഇതിൽ ഒരു ഭാഗം തിയറി പഠനവും മറുഭാഗം പ്രായോഗിക പരിശീലനവുമാണ്. ആഴ്ചയിൽ മൂന്ന് മുതൽ നാല് ദിവസം വരെ വിദ്യാർത്ഥികൾ ഒരു കമ്പനിയിൽ പോയി അവിടെയുള്ള ജോലികൾ പഠിക്കും. ബാക്കി ദിവസങ്ങളിൽ അവർക്ക് തിയറി ക്ലാസ്സുകൾ സ്കൂളുകളിൽ ഉണ്ടാകും. ഇങ്ങനെ പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നത് കൊണ്ട് തിയറിയിൽ പഠിക്കുന്ന കാര്യങ്ങൾ നേരിട്ട് പ്രാവർത്തികമാക്കാൻ സാധിക്കുന്നു. ഇതിന് പ്രത്യേക ട്യൂഷൻ ഫീസ് ഇല്ല എന്നതാണ് ഈ കോഴ്സുകളുടെ ഏറ്റവും വലിയ ആകർഷണം.
ഇതിലെ ഏറ്റവും വലിയ നേട്ടം വരുമാനമാണ്. ഔസ്ബിൽഡങ് ചെയ്യുന്നവർക്ക് പ്രതിമാസം ഏകദേശം 900 യൂറോ മുതൽ 1,300 യൂറോ വരെ ശമ്പളം ലഭിക്കും. അതായത് പഠനത്തിനുള്ള പണം സ്വന്തമായി കണ്ടെത്താനും അതുപോലെ മറ്റ് ചെലവുകൾക്ക് മറ്റൊരാളെ ആശ്രയിക്കാതിരിക്കാനും ഇത് സഹായിക്കുന്നു. മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്ന ഈ കോഴ്സ് പൂർത്തിയാക്കുന്ന 60 ശതമാനത്തിലേറെ പേർക്കും അതേ സ്ഥാപനത്തിൽ തന്നെ സ്ഥിരം ജോലി ലഭിക്കാറുണ്ട്.
ജർമ്മനിയിലെ ആരോഗ്യമേഖലയിലും, ഐ.ടിയിലും, മറ്റ് സാങ്കേതിക മേഖലകളിലും നിലവിലുള്ള തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ വേണ്ടിയാണ് ജർമ്മൻ സർക്കാർ ഈ പദ്ധതി കൂടുതൽ വിപുലീകരിക്കുന്നത്. ഔസ്ബിൽഡങ്ങിന് ചേരുന്നവർക്ക് ജർമ്മൻ ഭാഷാ പരിജ്ഞാനം നിർബന്ധമാണ്. ബി1 അല്ലെങ്കിൽ ബി2 നിലവാരത്തിലുള്ള ജർമ്മൻ ഭാഷാ അറിവ് ഉണ്ടാകുന്നത് കോഴ്‌സിനും അതുപോലെ ഭാവിയിൽ അവിടെ ജീവിക്കുന്നതിനും ഏറെ സഹായകമാണ്.
ഈ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ജർമ്മനിയിൽ ജോലി നേടാനും പിന്നീട് അവിടെ സ്ഥിരതാമസമാക്കാനുമുള്ള സാധ്യതകൾ വളരെ കൂടുതലാണ്. മറ്റൊരു രാജ്യത്ത് പോയി പഠിക്കാനും ജോലി നേടാനും ആഗ്രഹിക്കുന്നവർക്ക് ഔസ്ബിൽഡങ് പദ്ധതി ഒരു സുവർണ്ണാവസരമാണ്. പഠിക്കുമ്പോൾ തന്നെ സ്വന്തം കാലിൽ നിൽക്കാനും ഭാവി ഭദ്രമാക്കാനും ഈ പദ്ധതി ഏറെ സഹായിക്കും. കൂടുതൽ വിവരങ്ങൾ ജർമ്മൻ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്.
There is an easy way to settle in Europe!; You can study, get a job, and settle in Germany without spending money



