അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ മുറുകുന്നതിനിടെയും ഇരുകൂട്ടരും തമ്മിലുള്ള സൗഹൃദം തകരരുതെന്ന സന്ദേശവുമായി യു.എസ്. അതിർത്തി നഗരങ്ങളിലെ പൗരന്മാർ മുന്നോട്ട്. ന്യൂയോർക്കിലെ ഒഗ്ഡൻസ്ബർഗിൽ ഫോർത്ത് ഓഫ് ജൂലൈ വാരാന്ത്യത്തിൽ നടന്ന റാലിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കാനഡയുമായുള്ള ബന്ധം തകരുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ അവർ, “എൽബോസ് അപ്പ്!” എന്ന് ആർപ്പുവിളിച്ച് പരസ്പര ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
റാലിക്ക് ശേഷം, പങ്കെടുത്തവർ സെൻ്റ് ലോറൻസ് നദിക്കരയിലേക്ക് നീങ്ങുകയും, ഒന്റാറിയോയിലെ പ്രെസ്കോട്ട് നിന്നുള്ള കനേഡിയൻ പൗരന്മാരോടൊപ്പം കൈകോർക്കുകയും ചെയ്തു. “Bridge Over Troubled Water”, “O Canada” എന്നീ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവർ തങ്ങളുടെ സൗഹൃദം ഊട്ടിയുറപ്പിച്ചു.
റാലിയുടെ പ്രധാന സംഘാടകയായ ജിംജർ സ്റ്റോറി-വെൽച്ച് പറയുന്നതനുസരിച്ച്, കാനഡ-അമേരിക്ക അതിർത്തി വഴിയുള്ള യാത്രയിൽ 30% കുറവുണ്ടായത് അതിർത്തി പ്രദേശങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നമ്മുടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല സൗഹൃദം തകരുന്നത് മനസ്സിനെ വേദനിപ്പിക്കുന്നുവെന്ന് ജിംജർ സ്റ്റോറി-വെൽച്ച് പറഞ്ഞു. മെയിൻ മുതൽ അലാസ്ക വരെ സമാനമായ റാലികൾ നടന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വാഷിംഗ്ടണിൽ കോൺഗ്രസിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ഡെയറി ഫാമറും രാഷ്ട്രീയ പ്രവർത്തകനുമായ ബ്ലേക്ക് ജെൻഡെബിയൻ കാനഡയോടുള്ള തൻ്റെ വൈകാരിക ബന്ധം പങ്കുവെച്ചു.
കാനഡ അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ടതാണെന്നും ഇത് തൻ്റെ കുടുംബത്തിനും തനിക്കും അത്രമേൽ പ്രിയപെട്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. കനേഡിയൻ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് നോർത്ത് കൺട്രി മേഖലയിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും വലിയ ബിസിനസ്സുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. റാലി രാഷ്ട്രീയ അതിർവരമ്പുകൾക്ക് അതീതമാണെന്ന് സംഘാടകർ പറഞ്ഞെങ്കിലും, ട്രംപിന്റെ നയങ്ങളിൽ ചില പങ്കെടുത്തവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. “കാനഡയെ യു.എസ്.യുടെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന് ട്രംപ് പറയുന്നത് വളരെ അപമാനകരമാണ്. കാനഡ ഒരു സ്വതന്ത്ര രാഷ്ട്രമാണ്. അവിടെ താമസിക്കുന്നവർ എന്റെ സുഹൃത്തുക്കളാണ്,” പെൻസിൽവേനിയയിൽ നിന്നുള്ള എഴുത്തുകാരി കാത്രിൻ ക്രാഫ്റ്റ് അഭിപ്രായപ്പെട്ടു.
2025 ഏപ്രിലിൽ 90 രാജ്യങ്ങളിലേക്ക് ട്രംപ് പ്രഖ്യാപിച്ച “പരസ്പര താരിഫുകൾ” 90 ദിവസത്തെ കാലാവധിക്ക് ശേഷം ജൂലൈ 9-ന് അവസാനിക്കും. കാനഡയെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും, മറ്റ് ചില താരിഫുകൾ ഇപ്പോഴും നിലവിലുണ്ട്. ബ്രിട്ടനും വിയറ്റ്നാമും മാത്രമാണ് ഇതുവരെ യു.എസുമായി ഉടമ്പടിയിലെത്തിയത്.
കാനഡയും ട്രംപും തമ്മിൽ ജൂലൈ 21-ന് മുമ്പായി ഒരു വ്യാപാര കരാറിൽ എത്തുമെന്നാണ് നിലവിലെ പ്രതീക്ഷ. ഈ റാലികൾ വഴി കാനഡയും യു.എസും വീണ്ടും കൈകോർക്കുമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ജിംജർ സ്റ്റോറി-വെൽച്ച് പറഞ്ഞു. സാമൂഹികവും രാഷ്ട്രീയവുമായ അതിർത്തികളെ മറികടന്ന് ഇരു രാജ്യങ്ങളും വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് അതിർത്തി നിവാസികൾ.



