പ്രണയത്തിന് വേണ്ടി എന്തും ചെയ്യുന്ന മനുഷ്യനുണ്ട്. ഭ്രാന്തമായി താൻ സ്നേഹിച്ചയാൾക്കുവേണ്ടി അസാധാരണമായ രീതിയിൽ ജീവിക്കുന്ന ആളുകളും. അങ്ങനെ ശ്രദ്ധേയനായ ഒരാളാണ് ഡോ. കാൾ ടാൻസ്ലർ. തന്റെ പ്രണയിനിയായ എലീന ഡി ഹൊയോസ് എന്ന യുവതിയുടെ മൃതദേഹം കല്ലറയിൽ നിന്ന് മോഷ്ടിച്ച് സ്വന്തം വീട്ടിൽ സൂക്ഷിച്ചതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്.
ക്ഷയരോഗം ബാധിച്ചാണ് 1931-ൽ ഇരുപത്തിരണ്ടുകാരിയായ എലീന ഡി ഹൊയോസ് ഫ്ലോറിഡയിലെ ഒരു മറൈൻ ആശുപത്രിയിൽ എത്തുന്നത്. അന്ന് ഈ രോഗത്തിന് ചികിത്സയുണ്ടായിരുന്നില്ല. ഇതേ ആശുപത്രിയിലെ റേഡിയോളജി ടെക്നീഷ്യനായിരുന്നു ടാൻസ്ലർ. എലീനയോട് ഇയാൾക്ക് പ്രണയം തോന്നിയെങ്കിലും എലീന അത് നിരസിച്ചു.
1931 ഒക്ടോബർ 31-ന് എലീന മരിച്ചു. എലീനയ്ക്കായി ടാൻസ്ലർ സ്വന്തം പണം ചെലവഴിച്ച് ഒരു കല്ലറ നിർമിച്ചു. എല്ലാ ദിവസവും രാത്രിയിൽ ഇയാൾ അവിടെ സന്ദർശിക്കുകയും സമ്മാനങ്ങൾ വയ്ക്കുകയും പതിവായി. കല്ലറയ്ക്കകത്ത് ഒരു ഫോൺ വരെ ടാൻസ്ലർ സ്ഥാപിച്ചു.
1940-ൽ ടാൻസ്ലർ എലീനയുടെ മൃതദേഹത്തിനൊപ്പമാണ് ജീവിക്കുന്നതെന്ന സംശയം ഉയർന്നതോടെ എലീനയുടെ സഹോദരി നടത്തിയ അന്വേഷണത്തിൽ അത് സത്യമാണെന്ന് കണ്ടെത്തിയത്. 1933-ൽ എലീനയുടെ സംസ്കാരം നടത്തിയതിന് ശേഷം ടാൻസ്ലർ മൃതദേഹം കല്ലറയിൽ നിന്ന് മോഷ്ടിക്കുകയായിരുന്നു. ശരീരം അഴുകാതെ സൂക്ഷിക്കാൻ വിവിധ രാസവസ്തുക്കൾ ഉപയോഗിച്ചു, പ്ലാസ്റ്റർ ഉപയോഗിച്ച് മുഖം പുനർനിർമിച്ചു. മുടിക്ക് പകരം വിഗ് ഉപയോഗിച്ചു. മനോഹരമായി വസ്ത്രം ധരിപ്പിച്ച് ആഭരണങ്ങൾ അണിയിച്ച് എലീനയുടെ മൃതദേഹം ടാൻസ്ലർ സ്വന്തം കിടക്കയിലാണ് വർഷങ്ങളോളം സൂക്ഷിച്ചത്.
ഏഴു വർഷത്തിനു ശേഷം ടാൻസ്ലറുടെ വീട്ടിൽ കണ്ടെത്തിയ എലീനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് തെളിവുകൾ ലഭിച്ചില്ല. താൻ എലീനയെ മരണത്തിൽനിന്ന് രക്ഷിച്ചു എന്നായിരുന്നു ടാൻസ്ലറുടെ വിശ്വാസം. മൃതദേഹം മോഷ്ടിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.
1877-ൽ ഓസ്ട്രിയയിൽ ജനിച്ച ടാൻസ്ലർക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ടായിരുന്നു. കറുത്ത മുടിയുള്ള ഒരു പ്രണയിനിയെ കണ്ടെത്തുമെന്നായിരുന്നു ടാൻസ്ലറുടെ വിശ്വാസം. പിന്നീട് കുടുംബത്തെ ഉപേക്ഷിച്ച ശേഷമാണ് എലീനയെ പരിചയപ്പെടുന്നത്. തന്റെ സങ്കൽപ്പത്തിലുള്ള പ്രണയിനിയാണ് എലീനയെന്ന് ടാൻസ്ലർ വിശ്വസിച്ചു. 1952-ൽ ടാൻസ്ലർ മരിക്കുമ്പോൾ എലീനയുടെ രൂപത്തിലുള്ള ഒരു പാവ അദ്ദേഹത്തിന്റെ സമീപത്തുണ്ടായിരുന്നു.
The Story of Carl Tanzler and Elena de Hoyos



