ശാസ്ത്രലോകത്തെ അമ്പരപ്പിച്ചുകൊണ്ട്, ക്ഷീരപഥത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ ബഹിരാകാശ വസ്തുവിനെ അസ്ട്രോണോമേഴ്സ് കണ്ടെത്തി. ‘ASKAP J1832−091’ എന്ന് പേരിട്ടിരിക്കുന്ന ഈ അജ്ഞാത വസ്തു, ഓരോ 44 മിനിറ്റിലും എക്സ്-റേ തരംഗങ്ങളും റേഡിയോ തരംഗങ്ങളും കൃത്യമായ ഇടവേളകളിൽ പുറത്തുവിടുന്നുണ്ട്. ഇത് വളരെ അപൂർവ്വമായ ഒരു പ്രതിഭാസമാണ്. ഏകദേശം 15,000 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.
ഒരു നക്ഷത്രം മരിച്ചതിന് ശേഷം രൂപപ്പെടുന്ന ന്യൂട്രോൺ സ്റ്റാർ, അല്ലെങ്കിൽ ഒരു വൈറ്റ് ഡ്വാർഫ് നക്ഷത്രം പോലുള്ള ഉയർന്ന കാന്തികശക്തിയുള്ള ഒരു നക്ഷത്രമാവാം ഇതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇവയിലേതെങ്കിലുമാണോ അതോ ഇതുവരെ കണ്ടെത്താത്ത ഒരു പുതിയതരം ബഹിരാകാശ വസ്തുവാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നാസയുടെ ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററി (Chandra X-ray Observatory) ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ നടത്തിയത്.
സമീപത്തുള്ള ഒരു സൂപ്പർനോവയുടെ അവശിഷ്ടങ്ങൾ നിരീക്ഷിക്കുന്നതിനിടയിലാണ് ഈ വസ്തുവിൽ നിന്നുള്ള എക്സ്-റേ തരംഗങ്ങൾ കണ്ടെത്തിയത്. ഈ വസ്തുവിന്റെ അസാധാരണമായ സ്വഭാവം, ഇതുപോലെയുള്ള കൂടുതൽ വസ്തുക്കൾ പ്രപഞ്ചത്തിൽ ഉണ്ടാകാമെന്ന സൂചന നൽകുന്നു.തുടർപഠനങ്ങൾ ഈ പ്രതിഭാസത്തിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുകയും, ബഹിരാകാശത്തെക്കുറിച്ചുള്ള നമ്മുടെ അറിവുകൾ വികസിപ്പിക്കുകയും ചെയ്യും.



