കാൽഗറി: അതിശൈത്യത്തിനിടയിൽ ടാക്സി കാറിനുള്ളിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. കാൽഗറിയിൽ ശനിയാഴ്ച രാത്രിയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ടാക്സി ഡ്രൈവറായ ഹർദീപ് സിംഗ് ടൂർ ഓടിച്ചിരുന്ന വാഹനത്തിന്റെ പിൻസീറ്റിലായിരുന്നു പ്രസവം നടന്നത്. കഠിനമായ മഞ്ഞുവീഴ്ചയും റോഡിലെ തടസ്സങ്ങളും മറികടന്ന് ആശുപത്രിയിലേക്ക് കുതിക്കുന്നതിനിടെയാണ് കുഞ്ഞ് പിറന്നത്.
ശനിയാഴ്ച രാത്രി വൈകിയാണ് ഹർദീപിന് അടിയന്തരമായി ആശുപത്രിയിൽ പോകണമെന്നാവശ്യപ്പെട്ടുള്ള കോൾ ലഭിക്കുന്നത്. സ്ഥലത്തെത്തിയപ്പോൾ പ്രസവവേദന കൊണ്ട് പുളയുന്ന യുവതിയെയും ഭർത്താവിനെയുമാണ് കണ്ടത്. പുറത്ത് മൈനസ് 23 ഡിഗ്രി സെൽഷ്യസ് തണുപ്പും ശക്തമായ മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. റോഡുകളിൽ മഞ്ഞുറഞ്ഞ് കിടന്നതിനാൽ വാഹനം ഓടിക്കുന്നത് ഏറെ ദുഷ്കരമായിരുന്നുവെന്ന് ഹർദീപ് പറഞ്ഞു.
കാൽഗറിയിലെ പീറ്റർ ലോഗ്ഹീഡ് സെന്ററിലേക്കായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. സാധാരണ നിലയിൽ അരമണിക്കൂർ യാത്ര വേണ്ട ദൂരമായിരുന്നു ഇത്. സുരക്ഷിതമായും വേഗത്തിലും രോഗിയെ ആശുപത്രിയിൽ എത്തിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് ഹർദീപ് വ്യക്തമാക്കി. എന്നാൽ ആശുപത്രിക്ക് ഏതാനും ബ്ലോക്കുകൾ മാത്രം അകലെ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
ആശുപത്രി കവാടത്തിന് തൊട്ടടുത്തെത്തിയപ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടതെന്ന് ഹർദീപ് ഓർക്കുന്നു. നിമിഷങ്ങൾക്കകം വാഹനം എമർജൻസി വിഭാഗത്തിന് മുന്നിലെത്തിച്ച് ഹർദീപ് സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചു. ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും പരിചരിച്ചു. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തന്റെ ടാക്സി ഡ്രൈവിംഗ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമാണിതെന്ന് ഹർദീപ് സിംഗ് ടൂർ പ്രതികരിച്ചു. രണ്ട് യാത്രക്കാരുമായി യാത്ര തുടങ്ങി മൂന്ന് യാത്രക്കാരുമായി ലക്ഷ്യസ്ഥാനത്ത് എത്തിയത് തനിക്ക് വലിയ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവം തനിക്ക് ലഭിച്ച വലിയൊരു അനുഭവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
the-road-was-so-slippery-canadian-sikh-taxi-driver-hardeep-singh-toor-helps-deliver-baby-in-23-c
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



