രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് പ്രക്രിയയ്ക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമായി. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് 2011-ന് ശേഷം നീണ്ടുപോയ നടപടികളാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഈ ദൗത്യത്തിന്റെ ആദ്യ ഭാഗമായി വീടുകളുടെ തരം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ആസ്തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുക. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക നിലവാരവും ജീവിത സാഹചര്യങ്ങളും വിലയിരുത്താൻ ലക്ഷ്യമിട്ടുള്ള ഈ വിവരശേഖരണം പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് നടക്കുന്നത്.
സെൻസസ് ചരിത്രത്തിൽ ആദ്യമായി പൊതുജനങ്ങൾക്ക് സ്വന്തം വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യം ഇത്തവണ ലഭ്യമാണ്. ഇതിനായി https://se.census.gov.in എന്ന പോർട്ടൽ സന്ദർശിച്ച് മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. തുടർന്ന് ഭൂപടത്തിൽ ലൊക്കേഷൻ അടയാളപ്പെടുത്തി 16 ഭാഷകളിൽ ഏതിലെങ്കിലും കുടുംബവിവരങ്ങൾ നൽകാം. വിവരങ്ങൾ നൽകി കഴിയുമ്പോൾ ലഭിക്കുന്ന 16 അക്ക യൂണിക് ഐഡി (SE ID) പിന്നീട് വീട്ടിലെത്തുന്ന സെൻസസ് ഉദ്യോഗസ്ഥന് കൈമാറിയാൽ മതിയാകും.
കേരളത്തിൽ ആദ്യഘട്ട സെൻസസ് നടപടികൾ ജൂൺ മാസത്തിലാണ് ആരംഭിക്കുന്നത്. ജൂൺ 16 മുതൽ 30 വരെ പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താം. തുടർന്ന് ജൂലൈ ഒന്ന് മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. വ്യക്തിഗത വിവരങ്ങളും ജാതി വിവരങ്ങളും ഉൾപ്പെടുന്ന രണ്ടാം ഘട്ട കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. 2027 മാർച്ച് ഒന്നോടുകൂടി പുതിയ സെൻസസ് കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
സെൻസസ് വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് രജിസ്ട്രാർ ജനറൽ മൃത്യുഞ്ജയ് കുമാർ നാരായൺ ഉറപ്പുനൽകി. സെൻസസ് നിയമപ്രകാരം ഈ വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരികയോ കോടതിയിൽ തെളിവായി ഉപയോഗിക്കുകയോ ചെയ്യില്ല. അദ്ധ്യാപകർ ഉൾപ്പെടെ 30 ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് വിവരശേഖരണത്തിനായി നിയോഗിച്ചിരിക്കുന്നത്. ‘CMMMS’ എന്ന സെൻട്രൽ മാനേജ്‌മെന്റ് സിസ്റ്റം വഴിയും ജിയോ ടാഗിംഗ് സംവിധാനത്തിലൂടെയും വിവരങ്ങളുടെ കൃത്യതയും സുരക്ഷയും ഉറപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ആപ്പുകളിൽ ഒരുക്കിയിട്ടുള്ളത്.
The population census process in the country begins today; How is self-enumeration? Know the details!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



