കിഴക്കൻ ഒന്റാരിയോ അതിർത്തികളിലൂടെ കാനഡയിലേക്ക് മടങ്ങിയെത്തുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തുമ്പോൾ, അമേരിക്കൻ സന്ദർശകരുടെ വരവ് സ്ഥിരമായി തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2024 ജൂണിനെ അപേക്ഷിച്ച് 2025 ജൂണിൽ ആറ് പ്രധാന കിഴക്കൻ അതിർത്തി പാതകളിലൂടെ തിരിച്ചെത്തിയ കനേഡിയൻ നമ്പർ പ്ലേറ്റുള്ള വാഹനങ്ങളുടെ എണ്ണത്തിൽ 24.7% കുറവാണ് ഉണ്ടായിരിക്കുന്നത്. കോർൺവാൾ, ലാൻസ്ഡൗൺ, പ്രെസ്കോട്ട് അതിർത്തികൾ വഴി 2025 ജൂണിൽ 66,767 കനേഡിയൻ വാഹനങ്ങൾ മാത്രമാണ് തിരിച്ചെത്തിയത്.
കഴിഞ്ഞ വർഷം ഇത് 88,725 ആയിരുന്നു. മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ചെറിയ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. അതിർത്തി കടന്നുള്ള യാത്രകൾക്ക് പുറമെ, ഒട്ടാവ ഇന്റർനാഷണൽ എയർപോർട്ട് വഴി കാനഡയിൽ തിരിച്ചെത്തിയവരുടെ എണ്ണത്തിലും കുറവുണ്ടായി. 2024 ജൂണിൽ 9,738 പേർ തിരിച്ചെത്തിയ സ്ഥാനത്ത്, 2025 ജൂണിൽ ഇത് 8,919 ആയി കുറഞ്ഞു (-8.4% കുറവ്). എന്നാൽ, അമേരിക്കൻ സന്ദർശകരുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. 2025 ജൂണിൽ 55,037 അമേരിക്കൻ നമ്പർ പ്ലേറ്റുള്ള വാഹനങ്ങളാണ് കിഴക്കൻ ഒന്റാരിയോ അതിർത്തികളിലൂടെ കാനഡയിൽ പ്രവേശിച്ചത്. ഇത് 2024 ജൂണിനെ അപേക്ഷിച്ച് വെറും 486 വാഹനങ്ങളുടെ കുറവ് മാത്രമാണ്.
മെയ് മാസത്തെ അപേക്ഷിച്ച് അമേരിക്കൻ സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഓട്ടാവ വിമാനത്താവളം വഴി പ്രവേശിച്ച അമേരിക്കക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി (2024 ജൂണിൽ 8,196-ൽ നിന്ന് 2025 ജൂണിൽ 9,032 ആയി). കാനഡ-യു.എസ്. അതിർത്തികളിൽ കനേഡിയൻ പൗരന്മാരുടെ തിരിച്ചുവരവ് തുടർച്ചയായി ആറാം മാസമാണ് കുറയുന്നത്. ദേശീയ തലത്തിൽ ഇത് 33% കുറഞ്ഞിട്ടുണ്ട്.
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാനഡയെ 51-ാമത്തെ പ്രവശ്യയാക്കുമെന്ന മുന്നറിയിപ്പും സാമ്പത്തിക പ്രശ്‌നങ്ങളും യു.എസ്. ICE (ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്) അധികൃതർ കനേഡിയൻ പൗരന്മാരെ തടഞ്ഞുവെച്ച സംഭവങ്ങളുമാണ് യു.എസ്. യാത്രയിലുള്ള താൽപ്പര്യം കുറയുന്നതിന് പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്.
55 കനേഡിയൻ പൗരന്മാരെ ICE തടഞ്ഞുവെച്ചിട്ടുണ്ടെന്നും, കുറഞ്ഞത് ഒരാളെങ്കിലും ICE കസ്റ്റഡിയിൽ മരണപ്പെട്ടതായും റിപ്പോർട്ടുണ്ട്. കനേഡിയൻ പൗരന്മാർ, പ്രത്യേകിച്ച് വിനോദസഞ്ചാര മേഖലയിലെ യു.എസ്. യാത്രകൾ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് ശ്രദ്ധാപൂർവമാണ് കൈകാര്യം ചെയ്യുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, അമേരിക്കൻ സന്ദർശകർക്ക് ഈ സാഹചര്യങ്ങൾ ഒരു തടസ്സമല്ലെന്നും ഇത് വ്യക്തമാക്കുന്നു.



