യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാനഡ വിരുദ്ധ നയങ്ങൾക്കിടയിലാണ് രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോയത്. കാർബൺ നികുതി ഒഴിവാക്കുക, കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ ധനസഹായം നിർത്തുക, കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി, വീടുനിർമാണം തടയുന്ന ഗേറ്റ്കീപ്പർമാർക്കെതിരെ പോരാടൽ തുടങ്ങി നിരവധി വാഗ്ദാനങ്ങളോടെയാണ് കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായത്. എന്നാൽ, കാനഡക്കെതിരെ ട്രംപ് നടത്തിക്കൊണ്ടിരുന്ന പരാമർശങ്ങൾ ഒരു സുവർണാവസരമായി തിരിച്ചറിഞ്ഞ കാർണി ജനങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി. ഇതോടെയാണ് വീണ്ടും കാനഡക്കാർ ലിബറലുകളിലേക്ക് ചാഞ്ഞത്. അമേരിക്കയ്ക്കെതിരെ തിരിച്ചടി തീരുവ പ്രഖ്യാപിച്ചും, ശക്തമായ പരാമർശങ്ങൾ നടത്തിയും കാർണി ജനഹൃദയത്തിൽ കയറി.
കാനഡയെ അമേരിക്കയുടെ 51 -ാമത്തെ സംസ്ഥാനമായി മാറ്റുമെന്ന ട്രംപിന്റെ ഭീഷണിക്ക് ചുട്ടമറുപടി നൽകാനുള്ള തങ്ങളുടെ നേതാവ് കാർണിയെന്ന് ജനം ഉറപ്പിച്ചു. 2008 -ലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കാനഡ ബാങ്കിന്റെ ഗവർണറായും പിന്നീട് ബ്രെക്സിറ്റ് കാലത്ത് ബ്രിട്ടൻ ബാങ്കിന്റെ തലവനായും പ്രവർത്തിച്ച സാമ്പത്തിക വിദഗ്ധൻ എന്നതിന്റെ നേട്ടവും കാർണിക്ക് കിട്ടി.
എന്നാൽ അധികാരത്തിലേറുമ്പോൾ കാർണിക്ക് മേൽ വലിയ വെല്ലുവിളികളുണ്ട്. സാമ്പത്തിക പുരോഗതി കൈവരിക്കണം, വ്യാപാര തർക്ക ഭൂമിക മെയ്വഴക്കത്തോടെ നേരിടണം, ട്രംപ് എന്ന അതികായനുമായി ബന്ധം മെച്ചപ്പെടുത്തണം, അങ്ങനെ രാജ്യത്തെ വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് കാനഡയിലെ ജനങ്ങൾ കാർണിയെ ഏൽപ്പിച്ചത്. ഈ വിജയം കാനഡയിലെ രാഷ്ട്രീയ ഭാവിയെ മാത്രമല്ല, യു.എസ്.-കാനഡ ബന്ധത്തിന്റെ ഭാവിയും നിർണിക്കാൻ ഉതകുന്നതാണ്.



