റെജിന യൂണിവേഴ്സിറ്റി ഫീസ് ശേഖരണം നിർത്തുന്നു
സസ്‌കാച്ചെവാൻ:യൂണിവേഴ്സിറ്റി ഓഫ് റെജീന സ്റ്റുഡന്റസ് യൂണിയന്റെ (URSU) ഗുരുതരമായ സാമ്പത്തിക അസ്ഥിരത മുൻനിർത്തി ഓഗസ്റ്റ് 31 മുതൽ യൂണിയന് വേണ്ടി ഉള്ള ഫീസ് ശേഖരണം നിർത്തിവയ്ക്കുമെന്ന് റെജിന യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 30 വരെയുള്ള കണക്കനുസരിച്ച് യൂണിയൻ 1.36 മില്യൻ ഡോളറിന്റെ കുറവ് നേരിടുന്നുണ്ടെന്നും, സംഘടനയുടെ സാമ്പത്തിക നില “അസ്ഥിരമാണെന്നും” ഓഡിറ്റിൽ കണ്ടെത്തിയതായി യൂണിവേഴ്സിറ്റി പ്രസിഡന്റ് ജെഫ് കെഷൻ വ്യക്തമാക്കി.
URSU പ്രസിഡന്റ് മഹദ് അഹ്മദ് സാമ്പത്തിക പ്രതിസന്ധി സമ്മതിച്ചെങ്കിലും, സ്ഥിതി മെച്ചപ്പെടുത്താൻ ജീവനക്കാരെ പിരിച്ചുവിടുകയും വരുമാനം വർദ്ധിപ്പിക്കാൻ ഒരു കോഫി ഷോപ്പ് തുറക്കാൻ പദ്ധതിയിടുകയും ചെയ്തതായി അറിയിച്ചു. താമസിയാതെ പ്രതീക്ഷിക്കുന്ന പുതിയ ഓഡിറ്റിൽ 400,000 ഡോളറിന്റെ മിച്ചം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, URSU-വിന്റെ അടിയന്തര സാമ്പത്തിക പദ്ധതി വിശദാംശങ്ങൾ നൽകാത്തതും അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കാത്തതുമായ കാരണങ്ങളാൽ സർവകലാശാല നിരസിച്ചു. ഫീസ് ശേഖരണ കരാർ അവസാനിപ്പിക്കുന്നത് URSU-വിനെ പ്രവർത്തന രഹിതമാക്കും എങ്കിലും, 2025 വസന്തകാല സെമസ്റ്ററിൽ വിദ്യാർത്ഥി സേവനങ്ങൾ തുടരുമെന്ന് സർവകലാശാല ഉറപ്പുനൽക്കുകയും ചെയ്തു .



