മലയാളത്തിൻ്റെ നിത്യഹരിത നായകൻ പ്രേം നസീറിൻ്റെ മകനും അഭിനേതാവുമായ ഷാനവാസ് പ്രേംനസീർ അന്തരിച്ചു. 71 വയസായിരുന്നു. വൃക്കരോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം മലയാള സിനിമാലോകത്തിന് വലിയ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. ചൊവ്വാഴ്ച രാവിലെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് വൈകിട്ട് തിരുവനന്തപുരം പാളയം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.
നൂറോളം സിനിമകളിലും അമ്പതിൽ അധികം മിനിസ്ക്രീൻ പരമ്പരകളിലും അഭിനയിച്ച് പ്രേക്ഷകർക്ക് മുന്നിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ നടനാണ് ഷാനവാസ്.
പ്രേമഗീതങ്ങൾ എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ, ജനഗണമന തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ പ്രധാന സിനിമകൾ.
പ്രശസ്തനായ ഒരു നടന്റെ മകനായതുകൊണ്ടുതന്നെ പലപ്പോഴും അദ്ദേഹത്തിന്റെ കരിയറിൽ അത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പിതാവിന്റെ പേര് ദോഷം വരുത്തരുതെന്ന ആഗ്രഹം അദ്ദേഹത്തിന്റെ ചില തീരുമാനങ്ങൾക്ക് കാരണമായി. പിതാവിനൊപ്പം പ്രവർത്തിച്ച സംവിധായകർ സിനിമയുമായി സമീപിക്കുമ്പോൾ നോ പറയാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
അവർക്ക് ജാഡയാണെന്ന് തോന്നാതിരിക്കാൻ പരാജയപ്പെടുമെന്ന് അറിയാമായിരുന്നിട്ടും പല സിനിമകളിലും അഭിനയിച്ചിരുന്നു. ഒരു അഭിമുഖത്തിൽ അദ്ദേഹം തന്നെ ഈ കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമയുടെ തിരക്കുകളിൽ നിന്ന് വിട്ടുമാറി കുറച്ചുകാലമായി ശാന്തമായ ജീവിതം നയിക്കുകയായിരുന്നു. ഈ കാലയളവിലാണ് അദ്ദേഹത്തെ രോഗങ്ങൾ കീഴടക്കിയത്.
പ്രേം നസീറിന് ഷാനവാസ് ഉൾപ്പെടെ നാല് മക്കളാണ്. സിനിമയിൽ സജീവമായിരിക്കുമ്പോൾ ധൂർത്തടിച്ച ജീവിതം നയിച്ചിരുന്നുവെന്ന് നിർമ്മാതാവ് ബൈജു അമ്പലക്കര ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സിനിമയോട് താൽപര്യം കുറഞ്ഞതും ഇതുകൊണ്ടാകാം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള സിനിമയിലെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപെടുത്തി



