തെൽ അവിവ്: ഇസ്രായേലിലെ പ്രധാന നഗരമായ തെൽ അവിവിൽ ഇറാന്റെ മിസൈൽ ആക്രണം. ആറ് പേർക്ക് ഗുരുതര പരിക്കേറ്റു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച മിസൈലാണ് ഇറാൻ പ്രയോഗിച്ചതെന്നാണ് വിവരം. തകർന്ന വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിലവിൽ സെൻട്രൽ ഇസ്രായേലിലും മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്, അവിടെ ഇസ്രായേൽ പ്രതിരോധ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അതിർത്തി പ്രദേശങ്ങളിൽ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലും ഇസ്രായേലിന് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ലബനാൻ അതിർത്തിയിൽ നടന്ന ശക്തമായ പോരാട്ടത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ഇസ്രായേൽ സൈന്യത്തിന്റെ ടാങ്കിനും ബുൾഡോസറിനും നേരെ ഹിസ്ബുല്ല നടത്തിയ മോർട്ടാർ ആക്രമണമാണ് സൈനികരുടെ ജീവനെടുത്തത്. ഇതോടെ കരയുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ലബനാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നതിനിടയിലാണ് ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നുള്ള ഈ ശക്തമായ പ്രതിരോധം.
മേഖലയിലെ രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്യുമ്പോൾ ഇറാൻ തങ്ങളുടെ നിലപാട് കൂടുതൽ കർക്കശമാക്കുന്നതായാണ് കാണുന്നത്. മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഇറാൻ ശക്തമാക്കിയിട്ടുണ്ട്. അയൽരാജ്യങ്ങളായ ഗൾഫ് രാഷ്ട്രങ്ങൾ തങ്ങളുടെ മണ്ണിലുള്ള യുഎസ് താവളങ്ങൾ ഒഴിവാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാൻ ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാന്റെ പരമാധികാരത്തിന് മേൽ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം അയൽരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായാൽ അതിന് ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിക്കഴിഞ്ഞു.
യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയും വ്യാപകമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ ആക്രമണത്തെത്തുടർന്ന് തലസ്ഥാനമായ തെഹ്‌റാൻ നഗരത്തിലുൾപ്പെടെ കനത്ത കരിമ്പുക നിറഞ്ഞിരിക്കുകയാണ്. എണ്ണ കേന്ദ്രങ്ങളിൽ നിന്നുള്ള തീജ്വാലകൾ ആകാശത്തോളം ഉയരുന്ന ദൃശ്യങ്ങൾ ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയുണ്ടാക്കുന്നു. മിസൈൽ ആക്രമണങ്ങളും എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണങ്ങളും തുടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
The conflict between Israel and Iran has entered a volatile and critical phase



