നോവ സ്കോഷ്യയിലെ ലാൻസ്ഡൗൺ സ്റ്റേഷനിലെ വീട്ടിൽ നിന്ന് കാണാതായ ലില്ലി സള്ളിവൻ (6), ജാക്ക് സള്ളിവൻ (4) എന്നീ കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ പുരോഗതിയില്ല. കുട്ടികളെ കാണാതായിട്ട് മൂന്ന് മാസം പൂർത്തിയായ വേളയിലും കേസിനെക്കുറിച്ച് പുതിയ വിവരങ്ങൾ ഒന്നും നൽകാനില്ലെന്ന് ആർസിഎംപി (RCMP) വ്യക്തമാക്കി. വിഷയത്തിൽ അഭിമുഖം നൽകാൻ വിസമ്മതിച്ച പോലീസ്, ഇമെയിൽ വഴിയുള്ള ചോദ്യങ്ങൾക്കും മറുപടി നൽകിയില്ല.
കുട്ടികളെ കാണാതായ സംഭവത്തിൽ ആർസിഎംപി 5,000 വീഡിയോ ഫയലുകൾ പരിശോധിച്ചെന്നും 600-ൽ അധികം പൊതുജനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിലയിരുത്തുന്നുണ്ടെന്നും പോലീസ് ജൂലൈ 16-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അറുപതിലധികം ആളുകളെ ചോദ്യം ചെയ്യുകയും ചിലരെ നുണപരിശോധനക്ക് വിധേയമാക്കുകയും ചെയ്തെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കി. കുട്ടികളെ കാണാതായത് സംബന്ധിച്ച് വിവരങ്ങൾ ലഭിക്കുന്നതിനായി ജുഡീഷ്യൽ അംഗീകാരത്തോടെ ചില ഉപകരണങ്ങളും രേഖകളും പരിശോധിക്കാൻ പോലീസ് നീക്കം നടത്തുന്നത് ഈ സംശയം ബലപ്പെടുത്തുന്നു. കുട്ടികളുടെ അമ്മയും രണ്ടാനച്ഛനും നൽകിയ മൊഴി പ്രകാരം ലില്ലിയെ വീടിനകത്തും ജാക്കിന്റെ ശബ്ദം പുറത്തുനിന്നും അവസാനമായി കേട്ടത് മെയ് രണ്ടിനാണ്.
കുട്ടികൾ കാട്ടിലേക്ക് പോയതാകാമെന്ന് കരുതുന്നുണ്ടെങ്കിലും ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. ഈ മാസം 16-ന് നടന്ന വാർത്താ സമ്മേളനത്തിൽ, കുട്ടികളെ കാണാതായ ദിവസം വീടിന് സമീപത്ത് നിന്ന് ഒരു പിങ്ക് പുതപ്പ് കണ്ടെടുത്തതായി കോർപ്പറൽ കാർലി മക്കാൻ സ്ഥിരീകരിച്ചിരുന്നു. ഇത് ലില്ലിയുടേതാണെന്ന് കുടുംബം തിരിച്ചറിഞ്ഞെങ്കിലും തിരോധാനം സംബന്ധിച്ച് ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.



