ആഗോള കത്തോലിക്കാ സഭ പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു. കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ ഇടയനെ തിരഞ്ഞെടുത്തതായി സ്ഥിരീകരിച്ചത്. എന്നാൽ ആരാണ് പുതിയ മാർപാപ്പയെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ കാണും. വോട്ടവകാശമുള്ള 133 കർദിനാൾമാരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് ഒരാൾക്ക് 89 വോട്ട് വേണ്ടിവരും. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിച്ചു. കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജിയോവാനി ബറ്റിസ്റ്റ റേയായിരുന്നു മുഖ്യകാർമികൻ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ജനങ്ങൾക്ക് അതിയായ സന്തോഷത്തോടെയാണ് ഈ നിമിഷത്തെ വരവേറ്റത്. വെളുത്ത പുക കാണാൻ നിരവധി ആളുകളാണ് പരിസരത്തേക്ക് ഓടിയെത്തിയത്.



