കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിവാദ പരാമർശത്തെ ന്യായീകരിച്ച് ഇ.പി. ജയരാജൻ. മുഖ്യമന്ത്രി ഉപയോഗിച്ച ‘ഡാഷ് മോനെ’ എന്ന പ്രയോഗം അസഭ്യമല്ലെന്നും, അത് ‘പൊന്നു മോനേ’ എന്ന അർത്ഥത്തിൽ സ്നേഹപൂർവ്വം ഉദ്ദേശിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. രേവന്ത് റെഡ്ഡി മുഖ്യമന്ത്രിക്കെതിരെ നടത്തിയ കടന്നാക്രമണങ്ങൾക്ക് ഇതിലും കടുത്ത പ്രയോഗങ്ങളാണ് നൽകേണ്ടിയിരുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
സീനിയറായ ഒരു രാഷ്ട്രീയ നേതാവിനെക്കുറിച്ച് പരിഹാസ്യമായ രീതിയിൽ സംസാരിക്കാൻ പാടില്ലായിരുന്നുവെന്ന് ഇ.പി. ജയരാജൻ ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലവാരം പുലർത്താൻ രേവന്ത് റെഡ്ഡി തയ്യാറായില്ല. സിനിമ ഡയലോഗുകൾ കടമെടുത്ത് മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കുന്നത് ശരിയല്ല. രേവന്ത് റെഡ്ഡിയെക്കൊണ്ട് മറ്റാരെങ്കിലും ഇത്തരത്തിൽ പറയിച്ചതാകാൻ സാധ്യതയുണ്ടെന്നും, അങ്ങനെയുള്ളപ്പോൾ സ്വാഭാവികമായ മറുപ്രതികരണം മാത്രമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ‘മീറ്റ് ദ ലീഡർ’ പരിപാടിക്കിടെയാണ് പിണറായി വിജയൻ രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. “ഡാഷ് മോനെ രേവന്താ… മറുപടി വരുന്നുണ്ട്” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. നേമത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വെച്ച് രേവന്ത് റെഡ്ഡി പിണറായി വിജയനെ “പോ മോനേ വിജയാ” എന്ന് പരിഹസിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇതിനെതിരെയുള്ള രാഷ്ട്രീയ മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സിപിഎം വിലയിരുത്തുന്നത്.
മുഖ്യമന്ത്രിയുടെ പ്രയോഗം സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വേദികളിലും വലിയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ കേരളത്തിലെ മുതിർന്ന നേതാവിനെതിരെ അന്യസംസ്ഥാന മുഖ്യമന്ത്രി നടത്തിയ മോശം പരാമർശത്തെ പ്രതിരോധിക്കുകയാണ് പാർട്ടി ചെയ്യുന്നത്. മറുപടി അർഹിക്കുന്നവർക്ക് അവരുടെ ഭാഷയിൽ തന്നെ മറുപടി നൽകുന്നതാണ് മുഖ്യമന്ത്രിയുടെ ശൈലിയെന്നും ഇതിൽ തെറ്റായൊന്നുമില്ലെന്നുമാണ് കണ്ണൂരിലെ നേതാക്കളുടെ നിലപാട്.
'That's what Ponnu Mone means'; Chief Minister's response was not rude, E.P. Jayarajan clarifies controversial remark
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




