കാനഡയിലെ എഡ്മണ്ടൺ മേഖലയിൽ തീവ്രവാദ ബന്ധമാരോപിച്ച് പതിനഞ്ചുകാരനെ ആർ.സി.എം.പി.യുടെ ദേശീയ സുരക്ഷാ എൻഫോഴ്സ്മെന്റ് ടീം അറസ്റ്റ് ചെയ്തു. തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതായി സംശയിക്കുന്നവരെ നിരീക്ഷിക്കാൻ അധികാരികളെ അനുവദിക്കുന്ന ‘തീവ്രവാദ പീസ് ബോണ്ട്’ (ക്രിമിനൽ കോഡ് സെക്ഷൻ 810.011) പ്രകാരമാണ് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
‘764’ എന്ന ഓൺലൈൻ ശൃംഖലയുമായി അറസ്റ്റിലായ കുട്ടിക്ക് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. Minecraft, Roblox, Discord, Telegram തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന ഒരു തീവ്രവാദ ഗ്രൂപ്പാണിത്. ദുർബലരായ കുട്ടികളെ ലക്ഷ്യമിട്ട് ലൈംഗിക അതിക്രമങ്ങൾക്കും, സ്വയം മുറിവേൽപ്പിക്കാനും, മൃഗങ്ങളെ പീഡിപ്പിക്കാനും, അക്രമങ്ങളിലേക്ക് പ്രേരിപ്പിക്കാനും ഈ ശൃംഖല പ്രോത്സാഹിപ്പിക്കുന്നു. നിലവിൽ കസ്റ്റഡിയിലുള്ള
പതിനഞ്ചുകാരന്റെ ജാമ്യഹർജി ജൂൺ 3-ന് എഡ്മണ്ടണിലെ ആൽബെർട്ട കോർട്ട് ഓഫ് ജസ്റ്റിസിൽ പരിഗണിക്കും.



