പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകളിൽ ഇന്നും നിയന്ത്രണം തുടരുന്നു. ഭൂരിഭാഗം വിമാനങ്ങളും റദ്ദാക്കിയ സാഹചര്യത്തിൽ ഇന്ന് മൂന്ന് സർവീസുകൾ മാത്രമാണ് കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഒമാൻ എയർവെയ്സ്, സൗദി എയർലൈൻസ് എന്നിവയാണ് ഇന്ന് സർവീസ് നടത്തുന്ന കമ്പനികൾ. രാവിലെ 8.10-നും ഉച്ചയ്ക്ക് 2.25-നും ഒമാൻ എയർവെയ്സ് മസ്ക്കറ്റിലേക്കും, രാവിലെ 11.30-ന് സൗദി എയർലൈൻസ് ജിദ്ദയിലേക്കും സർവീസ് നടത്തും.
ഇറാനിലെ ഇസ്രയേൽ-അമേരിക്കൻ സംയുക്ത ആക്രമണത്തിന് പിന്നാലെ മേഖലയിൽ സുരക്ഷാ ഭീഷണി വർധിച്ചതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ ആകാശപാതകൾ പലതും അടച്ചു. ഇതേത്തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി വിവിധ വിമാന കമ്പനികൾ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ എന്ന് പുനഃരാരംഭിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാന കമ്പനികൾ അതീവ ജാഗ്രതയിലാണ്. വിമാനങ്ങൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടിലും വിദേശത്തുമായി കുടുങ്ങിക്കിടക്കുന്നത്. വരും ദിവസങ്ങളിലെ സർവീസുകളെ സംബന്ധിച്ച വിവരം സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ സിയാൽ അധികൃതരും വിമാന കമ്പനികളും പുറത്തുവിടുകയുള്ളൂ. യാത്രക്കാർ വിമാനത്താവളത്തിലേക്ക് എത്തുന്നതിന് മുൻപ് അതത് എയർലൈനുകളുടെ വെബ്സൈറ്റുകളോ ഹെൽപ്പ് ലൈനുകളോ വഴി വിമാനങ്ങളുടെ സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tensions in West Asia: Only three services from Kochi to the Gulf today



