കാരക്വെറ്റ്: കാരക്വെറ്റിൽ ഭവനരഹിതർക്കായി താൽക്കാലിക ഷെൽട്ടർ ഒരുക്കുന്ന പദ്ധതിയിൽ നഗരസഭാ കൗൺസിൽ ഈ ആഴ്ച നിർണ്ണായക വോട്ടെടുപ്പ് നടത്തും. ആറ് പേർക്ക് താമസിക്കാൻ സൗകര്യമുള്ള ഈ കേന്ദ്രം വിമാനത്താവളത്തിന് സമീപം സ്ഥാപിക്കാനാണ് അക്കാഡിയൻ പെനിൻസുല റീജിയണൽ സർവീസ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ജനുവരി 12-ന് നടന്ന യോഗത്തിൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് കൗൺസിൽ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. എന്നാൽ, പിന്നീട് നടന്ന വിശദീകരണ യോഗങ്ങൾ നാട്ടുകാരുടെ ആശങ്കകളിൽ വലിയ കുറവുണ്ടാക്കിയതായാണ് വിലയിരുത്തൽ.
ശൈത്യകാലത്ത് ഉപയോഗിക്കാതെ കിടക്കുന്ന വിമാനത്താവളത്തിൽ രാത്രികാല ഷെൽട്ടർ ഒരുക്കാനാണ് നിലവിലെ തീരുമാനം. ഭവനരഹിതരെ ഷെൽട്ടറിലേക്ക് എത്തിക്കുന്നതിനായി സോഷ്യൽ വർക്കർമാരുടെ സേവനത്തോടു കൂടിയ പ്രത്യേക ഷട്ടിൽ സർവീസും ഏർപ്പെടുത്തും. പദ്ധതിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതാണ് ആദ്യഘട്ടത്തിൽ നാട്ടുകാരുടെ ഭീതിക്കും പ്രതിഷേധത്തിനും കാരണമായതെന്ന് കൗൺസിലർ പിയറി ബൂഡ്രോ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്ന വിമാനത്താവളത്തിന് സമീപം താമസിക്കുന്നവർ സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജനുവരി 15-ന് നഗരസഭ സംഘടിപ്പിച്ച പൊതുയോഗത്തിൽ സോഷ്യൽ വർക്കർമാരും പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ വർഷം ഈ ലൊക്കേഷൻ മാത്രമാണ് പ്രായോഗികമായ ഏക പോംവഴിയെന്നും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ ജനങ്ങളെ ബോധ്യപ്പെടുത്തി.
ഇതോടെ നാട്ടുകാരുടെ മനോഭാവത്തിൽ മാറ്റമുണ്ടായതായും സഹായം അർഹിക്കുന്ന മനുഷ്യർക്ക് ഒരു അവസരം നൽകാൻ തയ്യാറാണെന്നും പ്രദേശവാസികൾ പ്രതികരിച്ചു. വോട്ടെടുപ്പിന് മുന്നോടിയായി നാട്ടുകാരുടെ അവസാനവട്ട സംശയങ്ങൾ കൂടി ദുരീകരിക്കുമെന്ന് കൗൺസിലർ അറിയിച്ചു. അക്കാഡിയൻ പെനിൻസുലയിൽ കഴിഞ്ഞ മൂന്ന് വർഷമായി മാത്രമാണ് ഭവനരഹിതരുടെ പ്രശ്നം ഗൗരവമായി ശ്രദ്ധിക്കപ്പെട്ടതെന്ന് കമ്മീഷൻ ഡയറക്ടർ സെഡ്രിക് ലാൻഡ്‌റി പറഞ്ഞു.
ഭവനരഹിതരെക്കുറിച്ചുള്ള തെറ്റായ ധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ താൽക്കാലിക സംവിധാനത്തിന് പകരം കൂടുതൽ സൗകര്യപ്രദമായ സ്ഥലത്ത് സ്ഥിരമായ ഒരു ഷെൽട്ടർ കണ്ടെത്തുകയാണ് കമ്മീഷന്റെ അടുത്ത ലക്ഷ്യം. കൗൺസിൽ വോട്ടെടുപ്പിൽ പദ്ധതിക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Temporary shelter project in Caraquet: Council vote to be held this week



