സാൻഫ്രാൻസിസ്കോ: ആഗോള ടെക് മേഖലയിൽ തൊഴിൽ പ്രതിസന്ധി രൂക്ഷമാകുന്നു. 2026-ന്റെ ആദ്യ 40 ദിവസങ്ങൾ പിന്നിടുമ്പോൾ പ്രമുഖ ടെക് കമ്പനികളിലായി ഏകദേശം 30,000 ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. ഡാറ്റാ പ്ലാറ്റ്‌ഫോമായ Layoffs.fyi പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഓൺലൈൻ റീട്ടെയ്‌ൽ ഭീമനായ ആമസോണാണ് ഈ വർഷം ഏറ്റവും വലിയ പിരിച്ചുവിടൽ നടത്തിയത്. ജനുവരിയിൽ മാത്രം 16,000 തസ്തികകളാണ് കമ്പനി ഒഴിവാക്കിയത്. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച പുനഃസംഘടനയുടെ തുടർച്ചയാണിതെന്നും മാറുന്ന ആഗോള സാഹചര്യങ്ങൾക്കനുസരിച്ചുള്ള ക്രമീകരണങ്ങളാണിതെന്നും ആമസോൺ എച്ച്ആർ വിഭാഗം വ്യക്തമാക്കി.
ആമസോണിന് പുറമെ സെയിൽസ്ഫോഴ്‌സ്, മെറ്റ തുടങ്ങിയ വമ്പൻമാരും പട്ടികയിലുണ്ട്. ഏകദേശം 1,000 ജീവനക്കാരെ സെയിൽസ്ഫോഴ്‌സ് പിരിച്ചുവിട്ടു. മാർക്കറ്റിംഗ്, പ്രോഡക്റ്റ് മാനേജ്‌മെന്റ് വിഭാഗങ്ങളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. മെറ്റാവേഴ്‌സ് ഡിവിഷനിൽ നിന്നുള്ള നിക്ഷേപം വെയറബിൾ സാങ്കേതികവിദ്യയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി 1,500 പേരെ ഒഴിവാക്കുമെന്ന് മെറ്റയും അറിയിച്ചു. പ്രമുഖ സ്ഥാപനങ്ങളായ വർക്ക്ഡേ (400), ഓട്ടോഡെസ്ക് (1,000), പിന്റെറെസ്റ്റ് (700) എന്നിവരും വെട്ടിക്കുറയ്ക്കൽ നടപടികളുമായി മുന്നോട്ട് പോവുകയാണ്. യാത്രാ മേഖലയിലെ എക്സ്പീഡിയ, സില്ലോ എന്നിവർ 200 വീതം പേരെയും ഫിറ്റ്‌നസ് കമ്പനിയായ പെലോട്ടൺ തങ്ങളുടെ 11 ശതമാനം ജീവനക്കാരെയും ഒഴിവാക്കി.
യൂറോപ്പിലും സ്ഥിതി സമാനമാണ്. നെതർലൻഡ്‌സിലെ ചിപ്പ് നിർമ്മാതാക്കളായ ASML 1,700 പേരെയും സ്വീഡനിലെ എറിക്‌സൺ 1,600 പേരെയും പിരിച്ചുവിട്ടു. വൻകിട കമ്പനികൾക്ക് പുറമെ സ്റ്റാർട്ടപ്പുകളെയും ക്രിപ്‌റ്റോ മേഖലയെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഇസ്രായേൽ ആസ്ഥാനമായുള്ള പ്ലേറ്റിക്ക 500 പേരെ ഒഴിവാക്കിയപ്പോൾ എൻട്രോപ്പി, പോളിഗോൺ തുടങ്ങിയ ക്രിപ്‌റ്റോ സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം കുറച്ചു. ഫണ്ടിംഗിലെ കുറവും വിപണിയിലെ അനിശ്ചിതത്വവുമാണ് സ്റ്റാർട്ടപ്പുകളെ കടുത്ത തീരുമാനങ്ങളിലേക്ക് നയിക്കുന്നത്. 2026-ന്റെ തുടക്കം തന്നെ ടെക് പ്രൊഫഷണലുകളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
tech-world-faces-layoff-fears-30000-people-could-lose-their-jobs
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



