പാലക്കാട്: കർണാടകയിലെ ചിക്മംഗളൂരുവിൽ കൊക്കയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മൃതദേഹം പാലക്കാട്ടെ വീട്ടിലെത്തിച്ചു. കർണാടക പൊലീസിന്റെ പ്രത്യേക അകമ്പടിയോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ചിക്മംഗളൂരുവിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പ്രിയപ്പെട്ട മകളെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനവലിയാണ് വീട്ടിലെത്തിയത്.
അതേസമയം, ശ്രീനന്ദയുടെ മരണത്തിൽ പ്രാഥമിക ഘട്ടത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കുട്ടിയുടെ ശരീരത്തിൽ സംശയാസ്പദമായ മുറിവുകളൊന്നും കണ്ടെത്താനായില്ല. വസ്ത്രം കീറിയ നിലയിലായിരുന്നുവെങ്കിലും, ഇത് വീഴ്ചയ്ക്കിടെ മരത്തിൽ കൊളുത്തി സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിലെ ദുരൂഹത നീക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതായി ശ്രീനന്ദയുടെ അച്ഛൻ രമേശ് പറഞ്ഞു.
ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ അതീവ ദുർഘടമായ മലയിടുക്കിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. അത്യാധുനിക തെർമൽ ഡ്രോണുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്. കർണാടക പൊലീസിന്റെ സോക്കോ ടീമും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
മൃതദേഹം കണ്ടെത്തിയ സ്ഥലം സംബന്ധിച്ച് കുടുംബം ആദ്യം ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും നിലവിലെ അന്വേഷണത്തിൽ തൃപ്തിയെന്ന് പിതാവ് അറിയിച്ചു. ശ്രീനന്ദ അബദ്ധത്തിൽ വീഴാൻ സാധ്യതയില്ലെന്നായിരുന്നു കുടുംബത്തിന്റെ ആദ്യ നിലപാട്. എന്നാൽ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതോടെ അപകടമരണത്തിനുള്ള സാധ്യതയിലേക്കാണ് അന്വേഷണം വിരൽചൂണ്ടുന്നത്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.
Tearful farewell to Sreenanda; Body brought home to Palakkad, inquest report says there was no unnatural death
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



