എഡ്മന്റൺ: അധ്യാപകർ പണിമുടക്കിയാൽ അവരുടെ ജോലി ഏറ്റെടുക്കില്ലെന്ന് എജ്യുക്കേഷണൽ അസിസ്റ്റന്റ് യൂണിയൻ. അടുത്ത മാസം അധ്യാപക സമരം നടന്നാൽ വിദ്യാഭ്യാസ സഹായ ജീവനക്കാർ സ്കൂളുകളെ സഹായിക്കില്ലെന്ന് യൂണിയൻ അധികൃതർ വ്യക്തമാക്കി. അടുത്തിടെയായി വേതന വർധനവ് ആവശ്യപ്പെട്ട് വിദ്യാഭ്യാസ ജീവനക്കാർ സ്വന്തം സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. അധ്യാപകർക്ക് പിന്തുണ നൽകുമെന്നും ക്ലാസ് മുറികളിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നിയമപരമായ എല്ലാ സഹായങ്ങളും നൽകുമെന്നും കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) പ്രസിഡന്റ് രാജ് ഉപ്പൽ പറഞ്ഞു.
അധ്യാപകരുടെ ജോലി ചെയ്യാൻ തയ്യാറല്ലെന്നും, ചുമതലകളിൽ അവ്യക്തതയുണ്ടെങ്കിൽ യൂണിയൻ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഒക്ടോബർ 6-നാണ് അധ്യാപക സമരം ആരംഭിക്കുന്നത്. വേതനം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയെച്ചൊല്ലി ആൽബെർട്ട സർക്കാറും ആൽബെർട്ട ടീച്ചേഴ്സ് അസോസിയേഷനും തമ്മിൽ അഭിപ്രായഭിന്നതകൾ നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് വിദ്യാഭ്യാസ ജീവനക്കാർ അധ്യാപകർക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
അധ്യാപകർക്ക് ന്യായവും മികച്ചതുമായ വേതനമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നതെന്നും, കൂടാതെ സ്കൂളുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി കൂടുതൽ അധ്യാപകരെ നിയമിക്കുമെന്നും പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.
ഈ വർഷം ആദ്യം വേതനത്തിനും തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടി CUPE യൂണിയൻ നടത്തിയ സമരത്തിൽ ആയിരക്കണക്കിന് വിദ്യാഭ്യാസ സഹായ ജീവനക്കാർ പങ്കെടുത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



