ഒന്റാരിയോയിൽ ദാരുണമായ റോഡ് അപകടത്തിൽ മരിച്ച ഹൈസ്കൂൾ അധ്യാപകനേയും നാല് കൗമാരക്കാരികളായ വിദ്യാർത്ഥിനികളെയും തിരിച്ചറിഞ്ഞിരിക്കുന്നു. അപകടത്തിൽ മരിച്ച അധ്യാപകൻ മാറ്റ് എക്കർട്ട് ആണെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂൾ കോച്ചും ഓവൻ സൗണ്ട് ജൂനിയർ ബി നോർത്ത്സ്റ്റാർസ് ലാക്രോസ് ക്ലബ്ബിന്റെ അസിസ്റ്റന്റ് കോച്ചുമായിരുന്നു അദ്ദേഹം. മരിച്ച നാല് വിദ്യാർത്ഥിനികൾ ഒലിവിയ റൂർക്ക്, റോവൻ മക്ലിയോഡ്, കെയ്ഡൻസ് ഫോർഡ്, ഡാനിക്ക ബേക്കർ എന്നിവരാണ്. വാക്കർട്ടണിലെ വാക്കർട്ടൺ ഡിസ്ട്രിക്റ്റ് കമ്മ്യൂണിറ്റി സ്കൂളിൽ നിന്നുള്ള ഈ സംഘം ഡോർചെസ്റ്ററിൽ നടന്ന സ്കൂൾ സോഫ്റ്റ്ബോൾ ടൂർണമെന്റിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണ അന്ത്യം സംഭവിച്ചത്.
ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് ഇതുവരെ ഇരകളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും കാനഡയിലെ ഒരു പ്രധാന വാർത്ത മാത്യമമാണ് മരിച്ചവരുടെ സുഹൃത്തുക്കളിലൂടെ അവരുടെ ഐഡന്റിറ്റി പുറത്തു വിട്ടത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കോബിൾ ഹിൽസ് റോഡിന്റെയും തോൺഡേൽ റോഡിന്റെയും കവലയിൽ വെച്ച് അധ്യാപകൻ ഓടിച്ചിരുന്ന എസ്‌യുവി ഒരു ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സമൂഹത്തെ ആഴത്തിൽ പ്രതിസന്ധിയിലാക്കിയ ഈ ദുരന്തത്തിന്റെ ഓർമ്മയ്ക്കായി ഞായറാഴ്ച സന്ധ്യയ്ക്ക് അവരുടെ സ്കൂളായ വാക്കർട്ടൺ ഡിസ്ട്രിക്റ്റ് കമ്മ്യൂണിറ്റി സ്കൂളിൽ മെഴുകുതിരി വിളക്കുകളോടെ ഒരു പ്രാർത്ഥനാ സമ്മേളനം നടത്തിയിരുന്നു.
ദുരന്തത്തിൽ കൊല്ലപ്പെട്ട അധ്യാപകന്റെയും വിദ്യാർത്ഥിനികളുടെയും ഓർമ്മയ്ക്കായി ഈ ആഴ്ച വീടുകളുടെ മുൻവാതിൽ പടികളിൽ സ്പോർട്സ് ഷൂകൾ വെക്കാൻ വാക്കർട്ടൺ നിവാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ പ്രവർത്തികൾ പ്രാദേശ വാസികളുടെ വേദനയും പ്രതിഷേധവുമാണ് കാണിക്കുന്നത്. ദാരുണമായ ഈ സംഭവം കാനഡയിലെ സ്കൂൾ കമ്മ്യൂണിറ്റികളിലെ സുരക്ഷയെക്കുറിച്ച് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നു.



