വിൻഡ്സർ: ടെകംസ നഗരസഭയുടെ 2026-ലേക്കുള്ള ബജറ്റ് ചൊവ്വാഴ്ച ഉച്ചയ്ക്ക് അവതരിപ്പിച്ചു. ബജറ്റിൽ 8,72,000 ഡോളറിന്റെ ലെവി വർദ്ധനവാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് 2.85 ശതമാനം നികുതി വർദ്ധനവിന് തുല്യമാണെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ കൗണ്ടി, എഡ്യൂക്കേഷൻ നിരക്കുകൾ കൂടി കണക്കിലെടുക്കുമ്പോൾ നിവാസികൾക്ക് ആകെ 2.36 ശതമാനം വർദ്ധനവ് മാത്രമേ അനുഭവപ്പെടുകയുള്ളൂ. ഇത് പ്രകാരം 2,75,000 ഡോളർ മൂല്യമുള്ള വസ്തുവിന് പ്രതിവർഷം 103 ഡോളർ അധികമായി നൽകേണ്ടി വരുമെന്ന് വിലയിരുത്തപ്പെടുന്നു. വാട്ടർ നിരക്കിൽ മൂന്ന് ശതമാനവും മലിനജല ശുദ്ധീകരണ നിരക്കിൽ അഞ്ച് ശതമാനവും വർദ്ധനവാണ് ശുപാർശ ചെയ്തിരിക്കുന്നത്.
പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും വിനോദ പദ്ധതികൾക്കുമായി 58 മില്യൺ ഡോളറിന്റെ മൂലധന ചെലവുകളാണ് ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത്. സൗത്ത് ഫീൽഡ് പാർക്കിലെ വാട്ടർ ഫീച്ചർ, ശൗചാലയങ്ങൾ, നടപ്പാത എന്നിവയുടെ നിർമ്മാണം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ലേക് വുഡ് പാർക്കിലെ നവീകരണ പ്രവർത്തനങ്ങൾ, സെന്റ് ക്ലെയർ ബീച്ച് കമ്മ്യൂണിറ്റി സെന്റർ, ഒപ്റ്റിമിസ്റ്റ് പാർക്ക് എന്നിവിടങ്ങളിലെ വികസന പദ്ധതികൾ എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ശമ്പളം, ആനുകൂല്യങ്ങൾ എന്നിവയിൽ 2,50,000 ഡോളറിന്റെയും അറ്റകുറ്റപ്പണി ചെലവുകളിൽ 95,000 ഡോളറിന്റെയും കുറവ് ബജറ്റ് നിർദ്ദേശിക്കുന്നു. പുതിയ ഹോട്ടലിൽ നിന്നുള്ള സപ്ലിമെന്ററി ടാക്സ് ഇനത്തിൽ 35,000 ഡോളറിന്റെ അധിക വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്. ഫെബ്രുവരി 5 വരെ പൊതുജനങ്ങൾക്ക് ബജറ്റിൽ അഭിപ്രായം അറിയിക്കാം. ഫെബ്രുവരി 12-ന് ചേരുന്ന കൗൺസിൽ യോഗത്തിൽ ഭേദഗതികൾ ഒന്നുമില്ലെങ്കിൽ ബജറ്റ് അംഗീകരിച്ചതായി കണക്കാക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Taxes to increase in Tecumseh; 2026 budget presented, infrastructure development prioritized



