മാഞ്ചസ്റ്ററിന്റെ തെക്കുകിഴക്കൻ ഭാഗത്ത് കാൽഗറി പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ ഒരാൾക്ക് വെടിയേറ്റ് ഗുരുതര പരിക്ക്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഡീർഫൂട്ട് ട്രെയിലിനും 17 അവന്യൂ SE യ്ക്കും സമീപം പോലീസ് പട്രോളിംഗ് നടത്തുന്ന സമയത്താണ് വാഹനത്തിലെ ഒരു യാത്രക്കാരൻ തോക്കുപോലുള്ള വസ്തു പോലീസിന് നേരെ നീട്ടി ഭീഷണി ഉയർത്തിയത്.
സംഭവസ്ഥലത്തേക്ക് ഒരു ഹെലികോപ്റ്ററും പോലീസ് നായയും ഉൾപ്പെടെ നിരവധി പോലീസ് സംഘങ്ങൾ സ്ഥലത്ത് എത്തി. വാഹനം 25 അവന്യൂ എസ്ഇയിലെ 600 ബ്ലോക്കിൽ നിർത്തിയപ്പോൾ, ഒരാൾ തോക്കുപോലുള്ള വസ്തു പോലീസിന് നേരെ നീട്ടി വാഹനത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു. പ്രതിയുടെ കൈയ്യിൽ ഇരുന്ന വസ്തു തോക്കായിരുന്നില്ലെന്ന് പിന്നീട് പോലീസിന് മനസ്സിലായി.
ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില പിന്നീട് പൂർവ്വസ്ഥിയിലേക്ക് മാറിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വാഹനത്തിൽ മറ്റ് രണ്ട് യാത്രക്കാരു കൂടിയുണ്ടായിരുന്നു. അവരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടലിനിടെ പൊതുജനങ്ങൾക്കോ പോലീസ് ഉദ്യോഗസ്ഥർക്കോ മറ്റ് പരിക്കുകൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് ആൽബെർട്ട സീരിയസ് ഇൻസിഡന്റ് റെസ്‌പോൺസ് ടീം (ASIRT) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിന്റെ വെടിവയ്പ് സംബന്ധിച്ച നടപടികൾ വിലയിരുത്തുന്നതിനുള്ള പ്രോട്ടോക്കോളിന്റെ ഭാഗമായാണ് അന്വേഷണസംഘത്തെ നിയോഗിച്ചതെന്ന് അധികൃതർ അറിയിച്ചു.



