കിഴക്കൻ ടൊറോന്റോയിൽ ഒരാളെ കുത്തിക്കൊന്ന കേസിലെ പ്രതിയെ കണ്ടെത്താൻ തിരച്ചിൽ ശക്തമാക്കി പോലീസ്. പ്രതിക്ക് മുൻപും അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് സൂചന. ഈ ആഴ്ച ടൊറോന്റോയുടെ കിഴക്കൻ മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ 35 വയസ്സുകാരനായ യുവാവ് കൊല്ലപ്പെട്ടു. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
കോക്‌സ്‌വെൽ അവന്യൂവിന് കിഴക്ക്, ഹില്ലിംഗ്‌ഡൺ, ഡാൻഫോർത്ത് അവന്യൂസ് എന്നിവിടങ്ങൾക്കടുത്തുള്ള ഒരു പ്ലാസക്ക് പിന്നിൽ വെച്ച് രാത്രി 11 മണിയോടെ സംഭവം നടന്നത്. രണ്ട് പേർ തമ്മിലുള്ള തർക്കത്തിലാണ് ഒരാൾക്ക് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. “ഇര ഇരിക്കുകയായിരുന്നു, പ്രതിരോധിക്കാനോ ഓടി രക്ഷപ്പെടാനോ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല,” ഡിറ്റക്ടീവ് സർജന്റ് ഹെൻറി മാർസ്മാൻ വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഡാൻഫോർത്ത് അവന്യൂവിൽ ഒന്നിലധികം കുത്തുകളേറ്റ് കിടക്കുന്ന നിലയിലാണ് അഷ്‌കാൻ പൂർണസിർ-റൗദ്ബെയ്‌നി എന്ന ഇരയെ ഉദ്യോഗസ്ഥർ കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച, 24 വയസ്സുകാരനായ ആന്റണി സ്റ്റീവൻ ഒലിവേറയാണ് കേസിലെ പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. കൊലപാതക കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അതൊരു ഒറ്റപ്പെട്ട സ്ഥലമായിരുന്നു, സംഭവം നടന്നപ്പോൾ സാക്ഷികളാരും ഉണ്ടായിരുന്നില്ല,” മാർസ്മാൻ കൂട്ടിച്ചേർത്തു.
ഒലിവേറ ഗ്രേറ്റർ ടൊറോന്റോ ഏരിയയിലെ ഡർഹാം, യോർക്ക്, പീൽ മേഖലകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നയാളാണെന്നും, തിരിച്ചറിയാതിരിക്കാൻ മാസ്ക് ധരിക്കാറുണ്ടെന്നും മാർസ്മാൻ പറഞ്ഞു. “ഈ വ്യക്തിക്ക് മുൻപും അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, കൂടുതൽ കുറ്റകൃത്യങ്ങൾ സംഭവിക്കുന്നത് തടയാൻ ഇയാളെ എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ജൂൺ ഒന്നിന് ഒഷാവയിൽ നടന്ന ഒരു വധശ്രമവുമായി ബന്ധപ്പെട്ട് ഡർഹാം പോലീസും ഒലിവേറയെ തിരയുന്നുണ്ട്. ഡർഹാം റീജിയണൽ പോലീസ് പറയുന്നതനുസരിച്ച്, സ്റ്റീപ്പിൾചേസ് സ്ട്രീറ്റ്, വിൻഡ്ഫീൽഡ്സ് ഫാം ഡ്രൈവ് എന്നിവിടങ്ങളിൽ രണ്ട് പേർ നടന്നുപോകുമ്പോൾ എതിർദിശയിൽ വന്ന ഒരു പുരുഷൻ അവരെ സമീപിക്കുകയായിരുന്നു. അവർ കടന്നുപോകുമ്പോൾ, ഇയാൾ ഒരു കത്തി പുറത്തെടുക്കുകയും അതിലൊരാളെ കുത്താൻ ശ്രമിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തും മുൻപ് ഇയാൾ ഓടി രക്ഷപ്പെട്ടു. ശാരീരികമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഒലിവേറക്കെതിരെ ആയുധമുപയോഗിച്ചുള്ള ആക്രമണം, അപകടകരമായ ആയുധങ്ങൾ കൈവശം വെക്കൽ, പ്രൊബേഷൻ ഉത്തരവ് പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് രണ്ട് കേസുകൾ എന്നിങ്ങനെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ടൊറോന്റോ പോലീസ് ഡർഹാം പോലീസുമായി ബന്ധപ്പെടുകയും ഒലിവേറയെ കണ്ടെത്താനായി രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ടെന്ന് മാർസ്മാൻ അറിയിച്ചു.



