രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി’ക്ക് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു. ‘ബിയോണ്ട് ദി കേരള സ്റ്റോറി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആദ്യ ഭാഗം സംവിധാനം ചെയ്ത സുദീപ്തോ സെന്നിന് പകരം ദേശീയ പുരസ്‌കാര ജേതാവ് കാമാഖ്യ നാരായണ സിങ്ങാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ എത്തും. വിപുൽ ഷാ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിരുദ്ധ അഭിപ്രായങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്.
ആദ്യ ഭാഗത്തിൽ അദ ശർമ്മ അവതരിപ്പിച്ച ശാലിനി ഉണ്ണികൃഷ്ണന് പകരം സുരേഖ നായർ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ഇത്തവണ കഥ വികസിക്കുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട മൂന്ന് കഥാപാത്രങ്ങളെ ടീസറിലൂടെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തുന്നുണ്ട്. “പെൺകുട്ടികൾ പ്രണയത്തിലല്ല, മറിച്ച് കെണികളിലാണ് വീഴുന്നത്; ഇനി ഞങ്ങളിത് സഹിക്കില്ല, പോരാടും” എന്ന പ്രമേയമാണ് ടീസർ മുന്നോട്ട് വെക്കുന്നത്.
സിനിമയുടെ പ്രമേയം സംബന്ധിച്ച സൂചനകൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും പരിഹാസങ്ങളുമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹമാണ്. സിനിമയുടെ നിലവാരത്തെയും ഇതിലെ പ്രൊപ്പഗണ്ടയെയും പരിഹസിച്ച് നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘അടുത്ത ഓസ്‌കറിനുള്ള വകയായി’, ‘ഇതിലെവിടെയാണ് കേരളം?’ തുടങ്ങിയ ചോദ്യങ്ങളിലൂടെയാണ് ഭൂരിഭാഗം പ്രേക്ഷകരും തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. ആഷിൻ എ. ഷാ സഹനിർമ്മാതാവായ ചിത്രം, ആദ്യ ഭാഗം സൃഷ്ടിച്ചതുപോലെ തന്നെ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിടുമെന്നാണ് സൂചന.
surekha-nair-follows-shalini-unnikrishnan-the-kerala-story-2-teaser-released
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



