ബ്രൂക്‌സ് നഗരത്തിന് സമീപം അതിശക്തമായ കൊടുങ്കാറ്റാണ് കഴിഞ്ഞദിവസം വീശിയടിച്ചത്. ശക്തമായ മഴയും, വലിയ ആലിപ്പഴങ്ങളും, അതിശക്തമായ കാറ്റിലും പ്രദേശത്ത് അതിഭയാനകമായ കാഴ്ച്ചയാണ് ആളുകൾക്ക് കാണാൻ കഴിഞ്ഞത് . കാറ്റിന്റെ ശക്തിയിൽ വൈദ്യുതി ലൈനുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നു. ഈ അപകടകരമായ സാഹചര്യത്തിൽ, ഹൈവേ 1-നും 36-നും സമീപം ഒരു കാറിനു മുകളിലേക്ക് വൈദ്യുതി ലൈൻ വീണ് യാത്രികർ കുടുങ്ങിപ്പോയിരുന്നു.

വൈദ്യുതി വിതരണം ഉടൻ വിച്ഛേദിച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തി, ആ കുടുംബത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായി അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്കാറ്റിനെ തുടർന്ന് റോഡുകളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്.

പല റോഡുകളും അടച്ചുപൂട്ടുകയും, നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വൈദ്യുതി വിതരണ കമ്പനിയായ ഫോർട്ടിസ് ആൽബെർട്ട, ബ്രൂക്ക്സ്, ബാസനോ, റോസ്മേരി, ടില്ലി, ഡച്ചസ്, പട്രീഷ്യ എന്നിവിടങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ചു.

വൈദ്യുതത്തൂണുകൾ നിലംപതിക്കുകയും, മരങ്ങൾ വീഴുകയും ചെയ്തതിനാൽ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടു. പകൽ വെളിച്ചത്തിൽ അറ്റകുറ്റപ്പണികൾ പൂർണ്ണമായി ആരംഭിക്കുമെന്നും, ജനങ്ങൾ വൈദ്യുതി ലൈനുകളിൽ നിന്ന് അകന്നു നിൽക്കണമെന്നും കമ്പനി അറിയിച്ചു. അപ്രതീക്ഷിതമായ ഈ കൊടുങ്കാറ്റ് ഒരു ‘സൂപ്പർസെൽ’ ആണെന്ന് കാലാവസ്ഥാ വിദഗ്ദ്ധനായ ബ്രാൻഡൻ ഹൗക്ക് പറഞ്ഞു. ഗോൾഫ് ബോൾ വലുപ്പത്തിലുള്ള ആലിപ്പഴവും അതിശക്തമായ കാറ്റും വീശിയടിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കൊടുങ്കാറ്റിന്റെ ശക്തിയിൽ ചില സ്ഥലങ്ങളിലെ വിളകൾ പൂർണ്ണമായി നശിച്ചുപോയെന്നും, ഒരു ബാർണിന്റെ മേൽക്കൂര പറന്നുപോയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കൊടുങ്കാറ്റിന്റെ ഭീകരത കാരണം തനിക്ക് സൈക്കിൾ ഹെൽമറ്റ് ധരിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. അപകടം സംഭവിക്കുന്നതിന് മുൻപ് തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുകൾ നൽകിയിരുന്നു.
ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റ് രൂപം കൊള്ളുമെന്നും കിഴക്കോട്ട് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ കാറ്റ്, മഴ, ആലിപ്പഴം എന്നിവക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ സൂചിപ്പിച്ചിരുന്നു. വൈകുന്നേരം 5:19-ഓടെ തെക്ക്-കിഴക്കൻ ആൽബർട്ടയിൽ ശക്തമായ കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകി.
കൊടുങ്കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കിഴക്കോട്ട് നീങ്ങുകയാണെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
'Supercell' storm hits Brooks; downs power lines, closes roads



