സിറിയയിലെ ദേവാലയത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 63 പേർക്ക് പരിക്കേറ്റു. ഡമാസ്കസിലെ മാർ ഏലിയാസ് ദേവാലയത്തിലാണ് സ്ഫോടനമുണ്ടായത്. ഭീകരസംഘടനയായ ഐഎസാണ് ചാവേർ ആക്രമണത്തിന് പിന്നിലെന്നും പള്ളിയിൽ പ്രവേശിച്ച ചാവേർ തുടരെ വെടിയുതിർത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ രണ്ട് പേർ പങ്കാളികളായിട്ടുണ്ടെന്നും ഒരാൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടെന്നും രണ്ടാമനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഡിസംബറിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഡമാസ്കസിൽ നടക്കുന്ന ആദ്യ ചാവേർ ആക്രമണമാണിത്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറ പറഞ്ഞു.



