കൊച്ചി: അങ്കമാലിയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഡോക്ടർ സിറിയക് പി. ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഗമൺ പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഉടൻ തന്നെ അങ്കമാലി പോലീസിന് കൈമാറും. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് ജോർജ് മാത്യുവിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫെബ്രുവരി 28-ന് നടന്ന അപകടത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ വൈകിയതിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
ചാലാക്കൽ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി വിദ്യാർത്ഥിയായ സിറിയക് പി. ജോർജ് ഓടിച്ച കാർ അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടാക്കിയത്. എടവനക്കാട് സ്വദേശിയും അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയുമായ ജാസ്ലിയയാണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ച ശേഷം പ്രതി വാഹനം നിർത്താതെ പോവുകയായിരുന്നു. സിറിയക്കിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അങ്കമാലി പോലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തുറവൂരിൽ നിന്ന് അപകടമുണ്ടാക്കിയ വാഹനം നേരത്തെ കണ്ടെടുത്തിരുന്നു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജാസ്ലിയക്ക് ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. മരണശേഷവും നാല് പേർക്ക് പുതുജീവൻ നൽകിയാണ് ജാസ്ലിയ മടങ്ങിയത്. പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെ-സോട്ടോ വഴി ജാസ്ലിയയുടെ കരൾ, വൃക്കകൾ, നേത്രപടലം എന്നിവ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവർക്ക് കൈമാറി. കൊച്ചി എടവനക്കാട് സ്വദേശിനിയായ ജാസ്ലിയ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്താണ് കുടുംബത്തെ സഹായിച്ചിരുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Student dies after being hit by speeding car: Accused Doctor Cyriac arrested



