സൗദി: സൗദി അറേബ്യയിൽ നിയമലംഘകർക്കെതിരെ കർശന നടപടികളുമായി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയ രാജ്യവ്യാപക പരിശോധനയിൽ 21,022 പ്രവാസികളാണ് വിവിധ നിയമലംഘനങ്ങളുടെ പേരിൽ പിടിയിലായത്. ഇഖാമ (താമസാനുമതി), തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെ കണ്ടെത്താനായി വിവിധ സുരക്ഷാ ഏജൻസികളുടെ ഏകോപനത്തോടെ നടത്തിയ ഫീൽഡ് ക്യാമ്പയിനിലാണ് ഇത്രയും പേർ കുടുങ്ങിയത്. താമസ നിയമം ലംഘിച്ച 15,038 പേരും, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,484 പേരും, തൊഴിൽ നിയമം ലംഘിച്ച 2,500 പേരും ഇതിൽ ഉൾപ്പെടുന്നു.
രാജ്യാതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,466 പേരെയും സുരക്ഷാ വിഭാഗം പിടികൂടിയിട്ടുണ്ട്. പിടിയിലായവരിൽ ഭൂരിഭാഗവും ഇത്യോപ്യൻ (67%), യമനി (32%) പൗരന്മാരാണ്. അതിർത്തി കടന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 33 പേരും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. നിയമലംഘകർക്ക് താമസസൗകര്യമോ യാത്രാസൗകര്യമോ ഒരുക്കി നൽകിയ 15 പേർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. നിലവിൽ 21,178 പേർ വിവിധ ഘട്ടങ്ങളിലായി നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
പിടിയിലായവരിൽ 8,511 പേരെ ഇതിനോടകം തന്നെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തിക്കഴിഞ്ഞു. ബാക്കിയുള്ളവരിൽ 13,854 പേരെ യാത്രാ രേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. നിയമലംഘകർക്ക് അഭയം നൽകുന്നവർക്ക് 15 വർഷം വരെ തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി. പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Strict action against lawbreakers in Saudi Arabia: 21,022 expatriates arrested in one week



