ലിസ്ബൺ, പോർച്ചുഗൽ: പോർച്ചുഗലിലെ ലിസ്ബണിൽ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ഇലക്ട്രിക് സ്ട്രീറ്റ് കാർ പാളം തെറ്റി മറിഞ്ഞ് 15 മരണം. 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ കുട്ടികളും വിദേശികളും ഉൾപ്പെടുന്നു.നഗരത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്ന് അധികൃതർ അറിയിച്ചു.
മഞ്ഞയും വെള്ളയും നിറത്തിലുള്ള സ്ട്രീറ്റ് കാർ ഒരു കെട്ടിടത്തിലിടിച്ചാണ് അപകടമുണ്ടായത്. വൈകുന്നേരം 6 മണിയോടെയാണ് സംഭവം. രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തുകയും രണ്ടുമണിക്കൂറിനുള്ളിൽ എല്ലാ യാത്രക്കാരെയും പുറത്തെടുക്കുകയും ചെയ്തു. സ്ട്രീറ്റ് കാർ പ്രവർത്തിപ്പിക്കുന്ന കാരിസ് എന്ന കമ്പനി, വാഹനത്തിന് കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നുവെന്ന് അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പോർച്ചുഗൽ സർക്കാർ അനുശോചനം രേഖപ്പെടുത്തി. ഇന്ന് (വ്യാഴാഴ്ച) രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും അനുശോചനം രേഖപ്പെടുത്തി.
അപകട കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. ഗ്ലോറിയ എന്നറിയപ്പെടുന്ന ഈ സ്ട്രീറ്റ് കാർ 40-ലധികം ആളുകൾക്ക് സഞ്ചരിക്കാവുന്നതാണ്. കഴിഞ്ഞ വർഷം ഏകദേശം 8.5 ദശലക്ഷം വിനോദസഞ്ചാരികളാണ് ലിസ്ബൺ സന്ദർശിച്ചത്. സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമായ ഒന്നാണ് ഈ സ്ട്രീറ്റ് കാർ.
Landmark streetcar in Lisbon derails, killing 15 people and injuring 18



