ദുബായ്: പശ്ചിമേഷ്യൻ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ലോകത്തിന്റെ ഇന്ധന സിരയായ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിച്ച് ഇറാൻ. മേഖലയിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണെങ്കിലും, തങ്ങളുടെ താൽപ്പര്യങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമല്ലാത്ത രാജ്യങ്ങൾക്ക് ഇറാൻ സുരക്ഷിത പാതയൊരുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ കടലിടുക്കിൽ പൂർണ്ണമായും തടയുമ്പോഴാണ് പാകിസ്താൻ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇറാൻ ഇളവ് നൽകുന്നത്.
യുദ്ധത്തിന് മുൻപ് പ്രതിദിനം ശരാശരി 151 കപ്പലുകൾ കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിലൂടെ ഇപ്പോൾ നാലോ അഞ്ചോ കപ്പലുകൾ മാത്രമാണ് സഞ്ചരിക്കുന്നതെന്ന് യുഎസ് ആസ്ഥാനമായുള്ള സെന്റർ ഫോർ നേവൽ അനാലിസിസ് (CNA) വ്യക്തമാക്കുന്നു. സൗദി അറേബ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെയും ഖത്തറിൽ നിന്നുള്ള ദ്രാവക പ്രകൃതിവാതകത്തിന്റെയും (LNG) കയറ്റുമതി ഇതോടെ അനിശ്ചിതത്വത്തിലായി. നിലവിൽ ഇറാനിൽ നിന്നുള്ള എണ്ണ ടാങ്കറുകളും അവിടേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്ന കപ്പലുകളും മാത്രമാണ് ഈ പാതയിൽ സജീവമായുള്ളത്.
സാധാരണ കപ്പൽ ചാലുകൾക്ക് പുറത്തുകൂടി ഇറാന്റെ തീരത്തോട് ചേർന്ന് ചില കപ്പലുകൾ സഞ്ചരിക്കുന്നതായി ഉപഗ്രഹ രേഖകൾ സൂചിപ്പിക്കുന്നു. പാകിസ്താനുമായി ബന്ധമുള്ള കപ്പലുകൾ ഇത്തരത്തിൽ ഇറാന്റെ പ്രത്യേക മാർഗനിർദ്ദേശപ്രകാരം കടലിടുക്ക് മുറിച്ചുകടന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോർമുസിലെ ഖേഷ്ം (Qeshm) ദ്വീപിന് സമീപം കപ്പലുകൾ നങ്കൂരമിടുകയും ഇറാൻ അധികൃതർ അവിടെവച്ച് കപ്പലിന്റെ ഉടമസ്ഥാവകാശം, ഇൻഷുറൻസ്, ജീവനക്കാരുടെ വിവരങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് മുന്നോട്ട് പോകാൻ അനുമതി നൽകുന്നത്.
അമേരിക്കയും ഇസ്രായേലും നടത്തുന്ന അധിനിവേശത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങൾക്ക് തങ്ങളുടെ കടൽ പരിധിയിലൂടെ കടന്നുപോകാൻ അവകാശമില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന് (IMO) അയച്ച സർക്കുലറിലും ഇറാൻ ഇക്കാര്യം ആവർത്തിച്ചു. അതേസമയം, ഹോർമുസിലെ ഇറാന്റെ പിടി അയഞ്ഞില്ലെങ്കിൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ഇറാൻ താല്പര്യം കാണിക്കുന്നുണ്ടെന്ന സൂചനയും ട്രംപ് കഴിഞ്ഞ ദിവസം നൽകിയിട്ടുണ്ട്. ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ പിടിച്ചുലയ്ക്കുന്ന ഈ നീക്കങ്ങൾ വരും ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറുമെന്നുറപ്പാണ്.
strait-of-hormuz-ships-passing-through
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




