കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേർ മുങ്ങിമരിച്ച സംഭവങ്ങളെത്തുടർന്ന് കാനഡയിലെ പോർട്ട് സ്റ്റാൻലിയിലെ പ്രധാന ബീച്ചുകളിൽ ലൈഫ് ഗാർഡുകളെ നിയമിച്ചു. സെൻട്രൽ എൽജിൻ മുനിസിപ്പാലിറ്റിയാണ് വേനൽക്കാലത്ത് ബീച്ചുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ലൈഫ് ഗാർഡുകളെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. കഴിഞ്ഞ ആഴ്ച പരിശീലനത്തിലായിരുന്ന ലൈഫ് ഗാർഡുകൾ മുങ്ങിത്താഴ്ന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. കുട്ടികൾ അപകടത്തിലാണെന്ന് വിവരം ലഭിച്ചയുടൻ ലൈഫ് ഗാർഡുകളും ഫയർഫോഴ്സും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ കുട്ടികളെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയും തുടർചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് സെൻട്രൽ എൽജിൻ ഫയർ ആൻഡ് റെസ്ക്യൂ ജില്ലാ മേധാവി മുറെ ഡീകോർട്ട് അറിയിച്ചു.
പോർട്ട് സ്റ്റാൻലിയിലെ മെയിൻ ബീച്ചിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 11 മുതൽ വൈകുന്നേരം 6 വരെയും, ശനി, ഞായർ, മറ്റ് അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 8 വരെയും ലൈഫ് ഗാർഡുകൾ സേവനത്തിനുണ്ടാകും. സുരക്ഷിതമായ വേനൽക്കാലം ഉറപ്പാക്കാൻ ലൈഫ് ഗാർഡുകളുടെ സേവനം പ്രധാനമാണെന്ന് മേയർ ആൻഡ്രൂ സ്ലോൺ വാർത്താക്കുറിപ്പിൽ അറിയിച്ചു. ബീച്ചിലെത്തുന്ന സന്ദർശകർ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും, അനുവദനീയമായ സ്ഥലങ്ങളിൽ മാത്രം നീന്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം, ഈറി റെസ്റ്റ്, ലിറ്റിൽ ബീച്ച്, പമ്പ്ഹൗസ് ബീച്ച് എന്നിവിടങ്ങളിൽ ലൈഫ് ഗാർഡുകളുടെ സേവനം ലഭ്യമാകില്ല. എങ്കിലും, ഈ സ്ഥലങ്ങളിൽ ലൈഫ് സേവിംഗ് ഉപകരണങ്ങളായ റിംഗ് ബോയികളും റീച്ചിംഗ് പോളുകളും സ്ഥാപിച്ചിട്ടുണ്ട്.
നീന്തൽ സാഹചര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തവർക്കായി ലൈഫ് ഗാർഡുകൾ ഫ്ലാഗ് സിസ്റ്റം ഉപയോഗിച്ച് അപകടസാധ്യതകൾ തിരിച്ചറിയുന്നുണ്ട്. പച്ചക്കൊടി സുരക്ഷിതമായ സാഹചര്യങ്ങളെയും, ഇരട്ട ചുവപ്പ് കൊടി നീന്തൽ പൂർണ്ണമായും നിരോധിച്ചിരിക്കുന്ന സാഹചര്യങ്ങളെയും സൂചിപ്പിക്കുന്നു. കൂടാതെ, ഗ്രേറ്റ് ലേക്സിൽ പെട്ടെന്നുണ്ടാകാവുന്ന ചുഴികളായ ‘റിപ്പ് കറന്റ്’ (rip currents) കളുടെ അപകടങ്ങളെക്കുറിച്ച് ബീച്ചിലെത്തുന്നവർക്ക് ലൈഫ് ഗാർഡ് നേഥൻ മാക്ഇൻ്റയർ വിവരങ്ങൾ നൽകുന്നുണ്ട്. അരക്കെട്ടിന് മുകളിൽ വെള്ളമുണ്ടെങ്കിൽ റിപ്പ് കറന്റുകൾ നിങ്ങളെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് മാക്ഇൻ്റയർ മുന്നറിയിപ്പ് നൽകി. ഇത്തരം സാഹചര്യങ്ങളിൽ പരിഭ്രമിക്കാതെ, മലർന്നു കിടന്ന്, ഊർജ്ജം സംരക്ഷിച്ച്, ഒഴുക്കിനൊപ്പം പോകാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും, സുരക്ഷിതമായ ഒരിടത്ത് എത്താൻ കഴിഞ്ഞാൽ അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



