അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്റ്റീൽ, അലൂമിനിയം ഉൽപ്പന്നങ്ങളുടെ മേലുള്ള താരിഫ് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഇരട്ടിപ്പിച്ചതിനെതിരെ പ്രതികരിക്കാൻ കനേഡിയൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതിനായി സ്റ്റീൽ കമ്പനികളും തൊഴിലാളി യൂണിയനുകളും ഇന്ന് ഒട്ടാവയിൽ പാർലമെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയാണ്.
കനേഡിയൻ സ്റ്റീൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അമേരിക്കയുടെ ഈ നടപടിയെ കനേഡിയൻ വ്യവസായത്തിനേറ്റ നിർണായകമായ പ്രഹരമാണെന്നാണ് വിശേഷിപ്പിച്ചത്. ഈ നിയന്ത്രണം മൂലം കനേഡിയൻ സ്റ്റീൽ അമേരിക്കൻ വിപണിയിലേക്ക് എത്തുന്നത് തടയുകയാണ്. അത് കൊണ്ട് തന്നെ വ്യവസായ സംഘടനകളും തൊഴിലാളി സംഘങ്ങളും ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡും ഒന്നിച്ച് ഫെഡറൽ സർക്കാരിനോട് അമേരിക്കയ്‌ക്കെതിരെ പ്രതികാര നടപടിയായി സമാന താരിഫുകൾ അടിയന്തിരമായി നടപ്പിലാക്കാൻ ആവശ്യപ്പെടുന്നുണ്ട്.
വർധിച്ച അമേരിക്കൻ താരിഫുകളോട് പ്രതികരിക്കാൻ തന്റെ സർക്കാരിന് കുറച്ച് സമയം ആവശ്യമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചിട്ടുണ്ട്. ഫെഡറൽ ലിബറൽ സർക്കാർ ഈ താരിഫുകൾക്കെതിരെ എങ്ങനെ പ്രതികരിക്കണം എന്നത് വിലയിരുത്തികൊണ്ടിരിക്കുകയാണെന്ന് വ്യവസായ മന്ത്രി മെലാനി ജോളി അറിയിച്ച.വൈകാതെ തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു.
ഈ സാഹചര്യത്തിൽ കാനഡയുടെ സാമ്പത്തിക സുരക്ഷയും ആയിരക്കണക്കിന് തൊഴിലാളികളുടെ ഭാവിയും കൂടുതൽ അപകടത്തിലാകുന്നു. രാജ്യാന്തര വ്യാപാര യുദ്ധത്തിന്റെ ഈ പുതിയ ഘട്ടത്തിൽ കാനഡ എത്രമാത്രം ഫലപ്രദമായി പ്രതികരിക്കുമെന്നത് വ്യവസായത്തിന്റെ ഭാവിയെ നിർണയിക്കുന്ന ഘടകമായിരിക്കും



