സെയിന്റ് ജോൺ: സെയിന്റ് ജോണിൽ ഭവനരഹിതരായവരും തെരുവിൽ കഴിഞ്ഞിരുന്നവരുമായ 38 പേർ ഒരു വർഷത്തിനിടെ മരണമടഞ്ഞതായി സന്നദ്ധ സംഘടനയായ ‘ഫ്രഷ് സ്റ്റാർട്ട്’ (Fresh Start) വെളിപ്പെടുത്തി. തെരുവിൽ കഴിയുന്നവർ നേരിടുന്ന കഠിനമായ ആരോഗ്യപ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് മരണസംഖ്യ ഉയരാൻ പ്രധാന കാരണമായി ഫ്രഷ് സ്റ്റാർട്ട് ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ഫ്രഷ് സ്റ്റാർട്ടിലെ കോ-ഓർഡിനേറ്റർ മിസ്റ്റി ഷോഫീൽഡ് പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.കഴിഞ്ഞ ഡിസംബർ 25-ന് 36 മരണങ്ങളാണ് രേഖപ്പെടുത്തിയിരുന്നതെങ്കിൽ, കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് 38 ആയി ഉയർന്നു. 2025 വർഷത്തെ മാത്രം കണക്കാണിത്.
തുടർച്ചയായി തണുപ്പേൽക്കുന്നതും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് കൃത്യമായ ചികിത്സ ലഭിക്കാത്തതുമാണ് മരണങ്ങളിലേക്ക് നയിക്കുന്നതെന്ന് ഫ്രഷ് സ്റ്റാർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ മെലാനി വോട്ടൂർ പറഞ്ഞു. വീടുകൾ ലഭിച്ചവർ പോലും മുൻപ് തെരുവിൽ അനുഭവിച്ച കഷ്ടപ്പാടുകൾ മൂലം വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗവും അമിത അളവിലുള്ള മരുന്നുകളുടെ ഉപയോഗവും (ഓവർഡോസ്) മരണകാരണമാകുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ഭവനരഹിതരുടെ മരണങ്ങൾ തടയാൻ കഴിയാത്ത സാഹചര്യത്തിൽ സാമൂഹിക പ്രവർത്തകർ വലിയ മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. ഒഴിവാക്കാവുന്ന മരണങ്ങൾ പോലും കൃത്യമായ സംവിധാനങ്ങളുടെ കുറവുമൂലം സംഭവിക്കുന്നത് നിസ്സഹായതയുണ്ടാക്കുന്നതായി മിസ്റ്റി ഷോഫീൽഡ് പറഞ്ഞു.
പ്രശ്നപരിഹാരത്തിനായി സർക്കാർ തലത്തിൽ ചില നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അവ പൂർണ്ണരൂപത്തിലാകാൻ സമയമെടുക്കും. ഔട്ട്റീച്ച് ടീമുകൾ, താൽക്കാലിക പാർപ്പിടങ്ങൾ (Out of the Colds), ട്രാൻസിഷണൽ ഹൗസിംഗ് തുടങ്ങിയ പദ്ധതികൾ നിലവിൽ വരുന്നുണ്ടെങ്കിലും സംവിധാനങ്ങൾ കാര്യക്ഷമമാകുന്നതുവരെ കൂടുതൽ ജീവനുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
38 lives lost in one year; St. John's shocked by homeless death toll



